തിരുവനന്തപുരം: ആറ് വര്‍ഷം മുമ്പ് കാണാതായ പത്തനംതിട്ടയില്‍നിന്ന് കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐ. തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. സി.ബി.ഐ. സംഘം ശരിയായി കാര്യങ്ങള്‍ അന്വേഷിക്കുമെങ്കില്‍ ജസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്കാന് തയ്യാറാണെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജെയിംസ് പറയുന്നു.
ജസ്ന രഹസ്യമായി വ്യാഴാഴ്ചകളില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയതായും ജെയിംസ് ജോസഫ് അവകാശപ്പെട്ടു. ജസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. സി.ബി.ഐ. ആകെ സംശയിച്ചത് ജസ്നയുടെ സഹപാഠിയെയാണ്. സി.ബി.ഐ. പിന്നിലുണ്ടെന്ന് ബോധ്യമായാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കും. രഹസ്യസ്വഭാവത്തോടെ സി.ബി.ഐ. അന്വേഷിക്കാന്‍ തയ്യാറായാല്‍ അയാളുടെ ഫോട്ടോ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ നല്കാന് തയ്യാറാണെന്നും ഹര്‍ജിയില്‍ പറയുന്നു.
കാണാതായതിന്റെ തലേദിവസം ജസ്നയ്ക്ക് ഉണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനും സി.ബി.ഐ. ശ്രമിച്ചില്ല. ആര്‍ത്തവം മൂലമാണോ ഗര്‍ഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ ഇതെന്ന് കണ്ടെത്താന്‍ ശ്രമിച്ചില്ല. ജസ്നയുടെ മുറിയില്‍നിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും സി. ബി.ഐ. അന്വേഷണം നടത്തിയില്ല.
ജെയിംസ് ജോസഫ് ഈ ആരോപണങ്ങള്‍ കോടതിയില്‍ ഉന്നയിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്കാന് സി.ബി.ഐ. പ്രോസിക്യൂട്ടര്‍ക്കായിരുന്നില്ല. വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്ന് കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മകളുടെ തിരോധാനത്തില്‍ ദുരൂഹതയില്ലെന്ന് കാണിച്ചുള്ള സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നാണ് അച്ഛന്റെ ആവശ്യം.