കരിമണ്ണൂര്‍: യുവതിയെ കാറില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും ലൈംഗികചേഷ്ടകള്‍ കാണിക്കുകയുംചെയ്തെന്ന കേസില്‍ പ്രതിയായ പോലീസുകാരനെ സസ്പെന്‍ഡുചെയ്തു. കുളമാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഒ.എം. മര്‍ഫിയെയാണ് സസ്പെന്‍ഡുചെയ്തത്. നേരത്തേ അറസ്റ്റിലായ ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടിരുന്നു.
മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന ആളെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്. ബുധനാഴ്ച വൈകീട്ട് 6.15-നാണ് സംഭവം. കരിമണ്ണൂര്‍ ചന്തക്കവലയില്‍നിന്ന് വീട്ടിലേക്ക് പോയ യുവതിയെ രണ്ടുപേര്‍ കാറില്‍ ദീര്‍ഘനേരം പിന്തുടരുകയും കിളിയാറ പാലത്തിനുസമീപം തടഞ്ഞുനിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസുകാരന് കാറില്‍ നിന്നിറങ്ങി.
ഭയന്ന യുവതി തൊട്ടടുത്തുള്ള കടയില്‍ അഭയംതേടി. പിന്നീട് യുവതിയും അച്ഛനും കരിമണ്ണൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാര്‍ തിരിച്ചറിഞ്ഞത്. പോലീസുകാരന് ഒപ്പമുണ്ടായിരുന്നത് എറണാകുളം അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാരനാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.