സഹകരണ മേഖലയുടെ കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ച് സമഗ്രമായ നിയമ ഭേദഗതി അനിവാര്യമാണെന്ന് സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന്. പതിനഞ്ചാം കേരള നിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാമത്തെ നിയമ ഭേദഗതിയാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. നിയമം നിലവില്‍ വരുമ്പോള്‍ സഹകരണ മേഖല ഇത്രയും വിപുലമായിരുന്നില്ല. ഇന്ന് സംസ്ഥാനത്താകെ 29000 ത്തിലധികം സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് കോടിയിലധികം അംഗങ്ങളാണ് മേഖലയിലുള്ളത്. കേരള ജനസംഖ്യയുടെ 95% സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും സഹകരണ പ്രസ്ഥാനം കടന്നുചെന്നിട്ടുണ്ട്.
സഹകരണ മേഖല അതിവേഗം കുതിച്ചുയരുന്ന കാലഘട്ടത്തില്‍ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമാകുന്ന നിയമ പരിരക്ഷയും സംരക്ഷണവും സുതാര്യതയും ഉറപ്പാക്കാന്‍ കഴിയണം. സഹകരണ മേഖലയിലെ ഒറ്റപ്പെട്ട ക്രമക്കേടുകള്‍ സാമാന്യവത്കരിച്ചു കൊണ്ടുള്ള പ്രചാരണം നടന്നിരുന്നു. ഇത്തരം സ്ഥിതി ആവര്‍ത്തിക്കരുത്. അതിന് കുറ്റമറ്റ നിയമം അനിവാര്യമാണ്. ഇതിനായുള്ള പരിശ്രമമാണ് നടത്തുന്നത്. 14 ജില്ലകളിലും സിറ്റിംഗ് നടത്തി പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, സഹകരണ സംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായും. തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിലെ ഈ മേഖലയിലെ നിയമങ്ങളും പഠിക്കും. ഇതിനു ശേഷമാകും അന്തിമ ബില്‍ അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.എന്‍ വാസവന് ചെയര്‍മാനായ സെലക്ട് കമ്മിറ്റി ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരുടെ അഭിപ്രായമാണ് ചര്‍ച്ച ചെയ്തത്. കലൂര്‍ എ.ജെ. ഹാളില്‍ നടന്ന യോഗത്തില്‍ ടി.ജെ. വിനോദ് എം.എല്‍.എ, സെലക്ട് കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്, ഇ. ചന്ദ്രശേഖരന്, കോവൂര്‍ കുഞ്ഞുമോന്, ശാന്തകുമാരി, കെ.കെ. രമ, വി.ആര്. സുനില്‍കുമാര്‍, തോമസ് .കെ.തോമസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവര്‍ പങ്കെടുത്തു.