കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ സിപിഐഎം വിശദീകരണ യോഗം ഇന്ന്. ഡിവൈഎഫ്ഐ നേതാവ് ഷിജിന്റെ വിവാഹം ലവ് ജിഹാദാണെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ലവ് ജിഹാദില്‍ സിപിഐഎം നിലപാട് വിശദീകരിക്കാന്‍ കോടഞ്ചേരിയില്‍ യോഗം നടത്തുന്നത്.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷിജിന്റെ മിശ്രവിവാഹത്തെ ചൊല്ലിയുണ്ടായ വിവാദം പ്രതിരോധത്തിലായതോടെയാണ് സിപിഐഎം വിശദീകരണ യോഗം നടത്തുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ നേതൃത്വത്തിലിരിക്കുന്ന ഒരാളുടെ നടപടി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്ന് മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് പറഞ്ഞു. പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സ്ഥലം എംഎല്‍എ ലിന്റോ ജോസഫിന്റെ വിവാഹം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം നടത്തുന്നത്.
നാട്ടില്‍ ലവ് ജിഹാദാണ് നടന്നതെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. എന്നാല്‍ ലവ് ജിഹാദ് ആരോപണം ദമ്പതികള്‍ തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് വിവഹം നടന്നതെന്ന് പറഞ്ഞ് ദമ്പതികള്‍ രംഗത്തെത്തി. തന്റെ ഇഷ്ടപ്രകാരമാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് ജോത്സ്നയും വ്യക്തമാക്കി.
അതിനിടെ, ദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ രംഗത്ത് എത്തിയിരുന്നു. ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസും പങ്കാളി ജോയ്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്ഐ. ലവ് ജിഹാദ് നിര്‍മ്മിത കളളമാണ്. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരുവരേയും പിന്തുണയ്ക്കുന്നുവെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത- സാമ്പത്തിക- ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്നും പ്രസ്താവനയില്‍ പറയുന്നു.
മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടി തന്ന അനേകം നേതാക്കള്‍ ഡിവൈഎഫ്ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം എന്നും ഡിവൈഎഫ്ഐ വ്യക്തമാക്കുമ്പോഴാണ് വിശദീകരണ യോഗത്തിന്റെ പോസ്റ്ററില്‍ ലൗജിഹാദ് എന്ന് കൊടുത്തത് സിപിഐഎം സെക്രട്ടേറിയേറ്റ് അംഗം ചൂണ്ടിക്കാട്ടുന്നത്.