ജിഎസ്ടി നഷ്ടപരിഹാര വിഷയത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സിതാരാമന്. 2017 മുതല്‍ എജിയുടെ സര്‍ട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു. കണക്കുകള്‍ ഹാജരാക്കിയാല്‍ നഷ്ടപരിഹാര കുടിശ്ശിക ഉടന്‍ നല്‍കും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്നും അതിന്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി പറഞ്ഞു. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന് ലോക്സഭയില്‍ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇത് സംബന്ധിച്ച് ആദ്യം കേരള സര്‍ക്കാരിനോട് ചോദിക്കണമെന്നും മന്ത്രി എന്‍ കെ പ്രോമചന്ദ്രനോട് പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രം നല്‍കുന്നില്ലെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകാന്‍ കാരണം കേന്ദ്ര നയങ്ങളാണെന്നും കേന്ദ്ര സര്‍ക്കാര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ട് എന്നാല്‍ കേന്ദ്ര നയങ്ങള്‍ തിരിച്ചടിയാകുന്നുവെന്നായിരുന്നു ധനമന്ത്രി സഭയില്‍ അറിയിച്ചത്. കേന്ദ്ര ധനനയം സംസ്ഥാന വളര്‍ച്ചയെ തടയുന്നു. കേരളം കടക്കെണിയില്‍ അല്ല. കിഫ്ബിയുടേയും പെന്ഷന് കമ്പനിയുടേയും ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയാക്കി. ശമ്പള പരിഷ്കരണം ബാധ്യത വര്‍ധിപ്പിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. രാജ്യത്ത് ഇടതുപക്ഷം മാത്രമാണ് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യം ഭരിക്കുന്നവര്‍ സാധാരണക്കാരന്റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.