‘ഒരാളുടെ ജീവന് രക്ഷിക്കാന്‍ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ… മനസ്സുണ്ടെങ്കില്‍ എന്തും ചെയ്യാനാകും’. അപരിചിതയായ യുവതിക്ക് വൃക്ക പകുത്തുനല്‍കിയ മണികണ്ഠന്റെ വാക്കുകളില്‍ നിറയുന്നത് മനുഷ്യസ്നേഹം. വയനാട് ചീയമ്പം പള്ളിപ്പടിയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ ഈ മുപ്പത്തിനാലുകാരന് ഫെബ്രുവരി നാലിനാണ് കോഴിക്കോട് പയ്യോളി സ്വദേശിയായ മുപ്പത്തിയേഴുകാരിക്ക് വൃക്കനല്‍കിയത്. പുല്‍പ്പള്ളി ചീയമ്പം മാധവമംഗലത്ത് രാജേന്ദ്രന്- മഹേശ്വരി ദമ്പതികളുടെ മകനാണ് മണികണ്ഠന്. ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറിയുമാണ്.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കടകളില്‍ വില്‍ക്കുന്ന തൊഴിലാളിയാണ് മണികണ്ഠന്. ശസ്ത്രക്രിയക്കുശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഇരു വൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ രണ്ടുമക്കളുടെ ഉമ്മകൂടിയായ യുവതിയാണ് മണികണ്ഠന്റെ മഹാമനസ്കതയില്‍ ജീവിതസ്വപ്നം കാണുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
2014ല്‍ ഡിവൈഎഫ്ഐ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ മണികണ്ഠന് നല്കിയ അവയവദാന സമ്മതപത്രമാണ് ഇവര്‍ക്ക് വൃക്ക ലഭിക്കാന്‍ ഇടയാക്കിയത്. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ എട്ട് മാസം മുമ്പാണ് വൃക്ക ദാനംചെയ്യാന് സമ്മതമാണോയെന്ന അന്വേഷണമെത്തിയത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ മണികണ്ഠന് സമ്മതം അറിയിച്ചു. പരിശോധനയില്‍ വൃക്ക യോജിച്ചതാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് അച്ഛനും അമ്മയുമായും സംസാരിച്ചു. ആദ്യം എതിര്‍ത്തെങ്കിലും വൃക്ക ദാനംചെയ്തവരുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. ഇരുവരും മനസ്സുമാറ്റിയതോടെ വൃക്കനല്‍കാനുള്ള നിയമനടപടികളായി.
ആശുപത്രി അധികൃതരുടെ നിര്‍ദേശാനുസരണം മൂന്ന് മാസമായി ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലായിരുന്നു. രോഗങ്ങള്‍ വരാതെ ശ്രദ്ധിച്ചു. ശീലങ്ങളും ഭക്ഷണവും ക്രമീകരിച്ചു. മാര്‍ച്ച് മുപ്പതിനായിരുന്നു ശസ്ത്രക്രിയ തീരുമാനിച്ചത്. യുവതിയുടെ ആരോഗ്യനില മോശമായതോടെ നേരത്തെയാക്കി. തന്റെ വൃക്ക പൂര്‍ണമായും അവരില്‍ പ്രവര്‍ത്തിക്കുന്ന വിവരത്തിനായി കാത്തിരിക്കയാണ് മണികണ്ഠന്.