പഞ്ചായത്ത് പ്രസിഡന്റാകാന്‍ കുപ്പായമിട്ടിറങ്ങിയ സ്ഥാനാര്‍ഥികളെ പരീക്ഷയെഴുതിപ്പിച്ച് നാട്ടുകാര്‍. ഒഡീഷയിലെ സുന്ദര്‍ഗര്‍ ജില്ലയിലെ ഗോത്ര ഗ്രാമവാസികളാണ് പരീക്ഷ സംഘടിപ്പിച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു പരീക്ഷ. എഴുത്തു പരീക്ഷയും വാചിക പരീക്ഷയും സര്‍പഞ്ചാകാന്‍ എത്തിയവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു.
എന്തുകൊണ്ട് മത്സരിക്കുന്നു, പ്രസിഡന്റെന്ന നിലയിലുള്ള അഞ്ച് ലക്ഷ്യങ്ങള്‍, ജനക്ഷേമ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തത്തെ കുറിച്ചുള്ള വിവരങ്ങള്‍, ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകള്‍, ഗ്രാമങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയാണ് ചോദ്യങ്ങളായുണ്ടായിരുന്നത്.
കുത്ര ഗ്രാമപഞ്ചായത്തിലെ മാലുപാഡ ഗ്രാമവാസികളാണ് പരീക്ഷ നടത്തിയതെന്ന് ഒരു സ്ഥാനാര്‍ഥി പറഞ്ഞു. ഒമ്പത് സ്ഥാനാര്‍ഥികളെയും വ്യാഴാഴ്ച പ്രാദേശിക സ്കൂള്‍ കാമ്പസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് പരീക്ഷയെ കുറിച്ചു പറഞ്ഞത്. രാത്രി എട്ടു മണി വരെ നടന്ന ‘എന്‍ട്രന്‍സ്’ പരീക്ഷയില്‍ എട്ടു സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. പരീക്ഷാ റിസല്‍ട്ട് ഫെബ്രുവരി 17നാണ് പ്രസിദ്ധീകരിക്കുക. ഫെബ്രുവരി 18 നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
‘പരീക്ഷ നടത്താന്‍ ഔദ്യോഗികമായി വകുപ്പില്ല, ഇതിനെ കുറിച്ച് കേട്ടിരുന്നു. ആരും ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ല’ സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് ബ്ലോക് ഡവലപ്മെന്റ് ഓഫിസറും ബ്ലോക് തെരഞ്ഞെടുപ്പ് ഓഫിസറുമായ രബിന്ദ സേഥി മറുപടി നല്കി. പരാതി വന്നാല്‍ അന്വേഷിക്കുമെന്നും ഓഫിസര്‍ പറഞ്ഞു.
ഫെബ്രുവരി 16 മുതല്‍ 24 വരെ നടക്കുന്ന അഞ്ചുഘട്ട തെരഞ്ഞെടുപ്പുകളില്‍ 2.79 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്യുന്നത്. ഫെബ്രുവരി 26-28 തിയ്യതികളിലാണ് വോട്ടെണ്ണുക.