തിരുവനന്തപുരം: മാണി.സി. കാപ്പന്റെ യുഡിഎഫ് പ്രഖ്യാപനം അദ്ദേഹത്തെ എംഎല്‍എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രന് പ്രതികരിച്ചു. എല്‍ഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവില്‍ ഇല്ല. തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനം എടുക്കില്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുന്‍പ് കാപ്പന് എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രന് അഭിപ്രായപ്പെട്ടു. കാപ്പന്റെ ഇപ്പോഴത്തെ പ്രവൃത്തി കാണുമ്പോള്‍ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണ ഉണ്ടാക്കി എന്ന് വ്യക്തമാണെന്നും എ കെ ശശീന്ദ്രന് പറഞ്ഞു.