ഹീറോയിക് ഇന്‍ഡുന്‍ കപ്പല്‍ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. നിയമപ്രശ്നങ്ങള്‍ നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് പ്രതികരണം. ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കട്ടെയെന്ന നിലപാടില്‍ നൈജീരിയ ഉറച്ച് നിന്നു. കപ്പല്‍ കമ്പനി നല്കിയ പരാതികളിലും കോടതി നിലപാട് നിര്‍ണ്ണായകമാണ്.
അന്വേഷണ സംഘത്തെ ഇക്വറ്റോറിയല്‍ ഗിനിയിലേക്കോ ഇന്ത്യയിലേക്കോ അയച്ച് അന്വേഷണം നടത്താന്‍ നൈജീരിയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം നൈജീരിയയില്‍ എത്തിച്ച ഇന്ത്യന്‍ നാവികരെ രാജ്യത്ത് നിയമ നടപടിക്ക് വിധേയമാക്കും. സമുദ്രാതിര്‍ത്തി ലംഘനം, ക്രൂഡ് ഓയില്‍ മോഷണം തുടങ്ങിയ ആരോപണങ്ങളാണ് ഹീറോയിക്ക് ഇഡുന്‍ കപ്പലിനെതിരെ ഉള്ളത്. വന്‍ സൈനിക അകമ്പടിയോടെയാണ് ഇന്നലെ 26 ജീവനക്കാരെയും കപ്പലിനെയും നൈജീരിയില്‍ എത്തിച്ചത്.
അതേസമയം കപ്പല്‍ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂലിനെ സമീപിച്ച സാഹചര്യത്തില്‍ വിഷയം വൈകാതെ പരിഗണിക്കും. ഇക്വിറ്റോറിയല്‍ ഗിനിയുടെയും നൈജീരിയയുടെയും നിയമവിരുദ്ധ തടവിനെതിരെയാണ് കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. കപ്പലില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണുള്ളത്.