വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്നും അടുത്ത മാസം 11ന് കൂട്ട അവധിയെടുക്കുമെന്നും കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് അറിയിച്ചു.
‘പതിനൊന്നാം ശമ്പള പരിഷ്കരണത്തില്‍ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യ വകുപ്പ് ഡോക്ടര്‍മാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്. ദീര്‍ഘനാള്‍ നീണ്ട നില്‍പ്പ് സമരവും, സെക്രട്ടറിയേറ്റ് ധര്‍ണ്ണയും വാഹന പ്രചരണ ജാഥയുമുള്‍പ്പടെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനുള്ള ഉറപ്പുകള്‍ സര്‍ക്കാര്‍ രേഖാമൂലം കെജിഎംഒഎയ്ക്ക് നല്‍കിയതാണ്. ഈ ഉറപ്പുകള്‍ പാലിക്കപ്പെടാത്തത് നിര്‍ഭാഗ്യകരമാണ്’, വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സമാനതകളില്ലാത്ത അവഗണനയ്ക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുകയാണെന്നും കെജിഎംഒഎ അറിയിച്ചു. രോഗീ പരിചരണത്തെ ബാധിക്കുന്ന സമരത്തിലേക്ക് ഡോക്ടര്‍മാരെ തള്ളിവിടാതെ സംഘടനക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യമുണ്ട്.