കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ വായ്പാ തട്ടിപ്പ് കണ്ടെത്തി. മരിച്ച ഇടപാടുകാരുടെ രേഖകള്‍ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വ്യാജ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഉപയോഗിച്ച കൃത്രിമ രേഖകളും റെയ്ഡില്‍ കണ്ടെടുത്തു. പ്രതികളുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച പരിശോധന തുടരാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.
മൂല്യം കുറഞ്ഞ സ്ഥലത്തിന് വലിയ തുക ഇട്ട് തട്ടിപ്പ് നടത്തിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ തുടങ്ങാനുള്ള ചില കൃത്രിമ രേഖകളും ഇഡി കണ്ടെത്തി. പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഇടപാടുകള്‍ സംബന്ധിച്ചോ നിക്ഷേപം സംബന്ധിച്ചോ ഉള്ള രേഖകള്‍ കണ്ടെത്താനായില്ല. തട്ടിപ്പിനുപയോഗിച്ച പണം പ്രതികള്‍ റീയല്‍ എസ്റ്റേറ്റിലടക്കം ഉപയോഗിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇവരുടെ ബിനാമി ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. പ്രതികള്‍ പലയിടത്തും ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടരും.
ഇഡി അസിസ്റ്റന്റ് കമ്മീഷണര്‍ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കില്‍ റെയ്ഡ് നടത്തിയത്. പ്രതികളുടെ വീടുകളിലടക്കം 75 ഓളം ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുത്തു. ബാങ്കില്‍ ഈ മാസം 10നു രാവിലെ 8 മണിയോടെ ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടു.
റബ്കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന രാത്രി 10.30വരെ നീണ്ടുനിന്നു. പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവില്‍ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു.
ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ കെ ദിവാകരന്,സെക്രട്ടറി ആയിരുന്ന സുനില്‍ കുമാര്‍, മുന്‍ ശാഖ മാനേജര്‍ ബിജു കരീം എന്നിവരുടെ വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ ഒരേ സമയം ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.
2021 ജൂലൈ 14 ലാണ് കരുവന്നൂരില്‍ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തില്‍ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയര്‍ ആയവരുടെ പെന്ഷന് കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണ സമിതിയിലെ ചിലരും ചേര്‍ന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് ബാങ്കില്‍ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.