തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രതിസന്ധിയും നിലവിലില്ലെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നിയമസഭയില്‍ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരവും നല്കി ശാക്തീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മൂന്നു മാസത്തെ കാലതാമസം ഉണ്ടായി എന്ന ആക്ഷേപം വസ്തുതാപരമല്ല. റോഡ് – റോഡിതര മെയിന്റനന്‍സ് ഫണ്ട് വെട്ടിക്കുറച്ചു എന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുകയില്‍ ഈ വര്‍ഷം വലിയ വര്‍ധനവുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി.
ജനകീയാസൂത്രണത്തിലൂടെ തുടക്കമിട്ട അധികാര വികേന്ദ്രീകരണ പ്രക്രിയയും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയും 25 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വര്‍ഷം തദ്ദേശ സ്ഥാപനങ്ങളുടെ 14-ാം പഞ്ചവത്സര പദ്ധതി രൂപീകരണ വര്‍ഷം കൂടിയാണ്. 14-ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗരേഖകള്‍ ഏപ്രില്‍ 19ന് തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന വികസന പരിപ്രേക്ഷ്യവും വികസന മുന്‍ഗണനകള്‍ കണക്കിലെടുത്തു കൊണ്ടും പുറപ്പെടുവിച്ചിട്ടുള്ള ഈ പദ്ധതി മാര്‍ഗ്ഗരേഖകള്‍, പഞ്ചവത്സര പദ്ധതി കാലയളവിലേക്കുള്ള വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.
തദ്ദേശസ്ഥാപനങ്ങളുടെ സബ്സിഡി, അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ മെയ് 28 ന് പുറപ്പെടുവിച്ചു. മാര്‍ഗ്ഗരേഖകള്‍ പുറപ്പെടുവിച്ചതിനുശേഷം തദ്ദേശസ്ഥാപനങ്ങളെല്ലാം തന്നെ അവരുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗതയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വികസന കാഴ്ചപ്പാട് വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കുക, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പുനഃസംഘടിപ്പിക്കുക, വികസനരേഖ തയ്യാറാക്കുക, ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കുക, വികസന സെമിനാറുകള്‍ നടത്തുക തുടങ്ങിയ പദ്ധതി രൂപീകരണ പ്രക്രിയകളെല്ലാം ഇതിനകം പൂര്‍ത്തീകരിച്ചു.
ഡിപിസി അംഗീകാരത്തിനായി തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണ വാര്‍ഷികപദ്ധതികള്‍ സമര്‍പ്പിച്ചുവരികയാണ്. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനിവാര്യമായും ഏറ്റെടുക്കേണ്ട പദ്ധതികളും സ്പില്‍ ഓവര്‍ പ്രോജക്ടുകളും ഏപ്രില്‍ മാസം മുതല്‍ തന്നെ നിര്‍വഹണം ആരംഭിച്ചിട്ടുമുണ്ട്.
കേന്ദ്രധനകാര്യ കമ്മീഷന് ഗ്രാന്റ് ഉപയോഗിച്ച് ഈ സാമ്പത്തികവര്‍ഷം നിര്‍വ്വഹണം നടത്തുന്ന പദ്ധതികളുടെ നിര്‍വ്വഹണ പ്രക്രിയയും ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചു. അതുകൊണ്ടു തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ മൂന്നു മാസത്തെ കാലതാമസം ഉണ്ടായി എന്ന ആക്ഷേപം വസ്തുതാപരമല്ല.
ഓരോ പഞ്ചവത്സര പദ്ധതിയുടെയും ആദ്യ വര്‍ഷങ്ങളിലെല്ലാം ഒഴിവാക്കാനാകാത്ത കാലതാമസം ഉണ്ടായിട്ടുണ്ട്. യുഡിഎഫിന്റെ കാലത്തെ 12ാം പദ്ധതിയുടെ ആദ്യ വര്‍ഷമായ 2012 13ല്‍ വാര്‍ഷിക പദ്ധതി അംഗീകാര നടപടി സംബന്ധിച്ച മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചത് 2012 സെപ്തംബര്‍ 24 ന് ആയിരുന്നു. ആ വര്‍ഷം സെപ്തംബര്‍/ ഒക്ടോബര്‍ മാസങ്ങളിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാക്കിയത്. 13ാം പദ്ധതി രൂപീകരണ പ്രക്രിയ ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് 2017 ജുലൈ മാസത്തിനകം പൂര്‍ത്തീകരിച്ചു. ഇത്തവണ നടപടിക്രമങ്ങള്‍ ഈ മാസത്തോടെ പൂര്‍ത്തിയാക്കും.
2021-22 മുതല്‍ 5 വര്‍ഷക്കാലത്തേക്കുള്ള ഫണ്ടുകള്‍ നിശ്ചയിക്കുന്നതിനുള്ള 6ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ വിവിധ റിപ്പോര്‍ട്ടുകളായി വിവിധ സന്ദര്‍ഭങ്ങളിലാണ് സര്‍ക്കാരിന് ലഭിച്ചത്. റിപ്പോര്‍ട്ട് പരിഗണിച്ച് തദ്ദേശസ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വിഭജിച്ച് അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍, പദ്ധതി രൂപീകരണ പ്രക്രിയ വൈകാതിരിക്കുന്നതിന് മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതത്തെ അടിസ്ഥാനപ്പെടുത്തി താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തി.
ഇത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി രൂപീകരണം വൈകാതിരിക്കുന്നതിനുള്ള നടപടിയാണ്. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ച് പുതുക്കിയ പദ്ധതി അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ ബജറ്റ് വിഹിതം വിഭജിച്ചുനല്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള റോഡ്- റോഡിതര മെയിന്റനന്‍സ് ഫണ്ട് വെട്ടിക്കുറച്ചു എന്ന ആക്ഷേപവും അടിസ്ഥാന രഹിതമാണ്. അത്തരത്തില്‍ ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ല. 2022-23ലെ ബജറ്റില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ റോഡ്- റോഡിതര മെയിന്റനന്‍സ് ഗ്രാന്റ് വിഭജിച്ച് നല്‍കിയിരിക്കുന്നത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികളുടെ സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ്.