ന്യൂഡല്‍ഹി: കേരളത്തില്‍ ഉള്‍പ്പെടെ റേഷന്‍ മണ്ണെണ്ണ വിതരണം പൂര്‍ണ്ണമായി നിര്‍ത്താനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷത്തോടെ വിതരണം നിര്‍ത്തും. ഇത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുവിതരണ വകുപ്പിന് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
പ്രതിഷേധവുമായി സംഘടനകള്‍
അതേസമയം റേഷന്‍ മണ്ണെണ്ണ വിതരണം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും മണ്ണെണ്ണ വിതരണം നിര്‍ത്തുന്നത് ശരിയല്ലെന്നും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ അസോസിയേഷന് വ്യക്തമാക്കി. റേഷന്‍ മണ്ണെണ്ണ വിതരണം പൂര്‍ണമായി നിറുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.
വിതരണം നടത്താന്‍ കഴിയില്ലെന്ന് റേഷന്‍ കടയുടമകള്‍
അതേസമയം മണ്ണെണ്ണ വില്പനയില് സാമ്പത്തിക നഷ്ടം വരുന്നതിനാല്‍ വിതരണം നടത്താന്‍ കഴിയില്ലെന്ന് റേഷന്‍ കടയുടമകള്‍ പറഞ്ഞു. റേഷന്‍ മണ്ണെണ്ണയുടെ അലോട്ട്മെന്റ് 50 ശതമാനത്തോളം കേന്ദ്രം വെട്ടി കുറച്ചിരുന്നു. 80 രൂപക്ക് മുകളില്‍ വിലവരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണ വില്‍ക്കുന്നതിന് മൂന്ന് രൂപ എഴുപത് പൈസ കമ്മീഷനായി ലഭിക്കും. ഇത്തരത്തില്‍ ഒരു മാസം 370 രൂപ മാത്രമാണ് കമ്മീഷനായി ലഭിക്കുന്നത്. ഇത് വന്‍ സാമ്പത്തിക നഷ്ടം വരുത്തുന്നുവെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.