സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണെന്നു ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.