മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പാലക്കാട് ആറ് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നെസ് റദ്ദാക്കി. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്. ഏഴ് ബസുകള്‍ വേഗപ്പൂട്ടില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തി. ചട്ടം ലംഘിച്ച് ലൈറ്റും ശബ്ദ സംവിധാനങ്ങളുമുള്ള ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് എതിരെ ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമ ലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. അത്തരം ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
നിയമ ലംഘകരായ ഡ്രൈവര്‍മാരുടെ ലൈസന്‍സും ഉടനടി സസ്പെന്‍ഡ് ചെയ്യാന്‍ ഇടക്കാല ഉത്തരവില്‍ കോടതി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്കി. നിയമ വിരുദ്ധ ശബ്ദ സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വിനോദയാത്ര നടത്തിയാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിക്കെതിരെയും നടപടി വരും.
അതിനിടെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറ്റണമെന്ന ആവശ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ ഗതാഗത മന്ത്രിയെ കാണുന്നുണ്ട്.