കീവ്: റഷ്യ പിടിച്ചടക്കിയ തന്ത്രപ്രധാന മേഖലകളില്‍ യുക്രൈന്റെ അപ്രതീക്ഷിത മുന്നേറ്റം. ഖാര്ഖിവ് പ്രവിശ്യയിലെ പ്രധാന നഗരങ്ങള്‍ യുക്രൈന് തിരിച്ചു പിടിച്ചു. തിരിച്ചടി നേരിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.
ശനിയാഴ്ചയോടെ ഖാര്‍ഖീവിലെ റഷ്യയുടെ സുപ്രധാന സൈനിക ഹബ്ബായ കുപ്പിയാന്‍സ്ക് പിടിച്ചെടുത്തതായി യുക്രൈന് സൈന്യം അറിയിച്ചു. ഈ മാസം ഇതുവരെ റഷ്യയില്‍ നിന്ന് 2000 ചതുരശ്ര കിലോമീറ്റര്‍ യുക്രൈന് ഭൂമി മോചിപ്പിച്ചെന്ന് വീഡിയോ സന്ദേശത്തില്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയും പറഞ്ഞു.
ഖാര്‍ഖീവ് മേഖലയിലെ യുക്രൈന് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അപ്രതീക്ഷിതമായി റഷ്യന്‍ സൈന്യം പിന്തിരിഞ്ഞോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ യുക്രൈന് സൈനികര്‍ പതാക നാട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
പലയിടങ്ങളിലും പടക്കോപ്പുകളും മറ്റു യുദ്ധസംവിധാനങ്ങളും ഉപേക്ഷിച്ചാണ് റഷ്യന്‍ സൈന്യത്തിന്റെ പിന്മാറ്റം. ഈ ആയുധങ്ങള്‍ പിടിച്ചെടുത്ത് റഷ്യക്ക് നേരെ തന്നെ പ്രയോഗിക്കുകയാണ് നിലവില്‍ യുക്രൈന് സൈനികര്‍.
സേനയെ പുനഃസംഘടിപ്പിച്ച് കൂടുതല്‍ ശക്തിയോടെ തിരിച്ചടിക്കാനാണ് പിന്മടക്കമെന്നാണ് റഷ്യയുടെ നിലപാട്.