കേരള സമൂഹത്തെ വിഭജിക്കാന്‍ മതമേലധ്യക്ഷന്മാര് ശ്രമിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ വരവ് എല്‍ഡിഎഫില്‍ വിചാരിച്ച നേട്ടമുണ്ടാക്കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഡി രാജയുടെ നിലപാടിനെയും കാനം തള്ളി. ഡി രാജയുടെ പ്രതികരണം ദേശീയ എക്സിക്യുട്ടീവിന്റെ തീരുമാനമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശും കേരളവും വ്യത്യസ്തമാണ്. അത് രാജയ്ക്ക് അറിയാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. പാര്‍ട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാന്‍ പാടില്ല. അത് ജനറല്‍ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് സി പി ഐ. കേരളത്തിലെ പൊലീസ് യുപിയിലെ പോലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളില്‍ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുട്ടില്‍ മരംമുറി ഉത്തരവ് വന്നത് സിപിഐയുടെ രാഷ്ട്രീയ തീരുമാനം കൊണ്ടാണ്. ഉത്തരവ് നടപ്പിലാക്കിയതിലാണ് പ്രശ്നങ്ങള്‍. അത് പരിശോധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിലബസ് വിവാദത്തില്‍ സര്‍വകലാശാലയെ കുറ്റപ്പെടുത്താതെയുള്ള പ്രതികരണമായിരുന്നു കാനത്തിന്റേത്. ഒരു പുസ്തകം വായിച്ചുകൂടെന്ന് പറയാന്‍ പറ്റുമോയെന്ന് ചോദിച്ച അദ്ദേഹം സിലബസില്‍ ഉള്‍പ്പെടുത്തണോ എന്നാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസും ബിജെപിയും ഇല്ലാതായെന്ന അഭിപ്രായം സിപിഐക്കില്ല. രണ്ട് പാര്‍ട്ടികളിലും ആഭ്യന്തര പ്രശ്നങ്ങളുണ്ട്. യുഡിഎഫ് ദുര്‍ബലപ്പെട്ടുവെന്നത് ശരിയാണ്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. കെകെ ശിവരാമനെ താക്കീത് ചെയ്യാന്‍ തീരുമാനിച്ചു.