കുട്ടനാട്, ചവട ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ നേതാക്കള്‍. സര്‍വകക്ഷിയോഗത്തിന്റെ ശുപാര്‍ശ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തദ്ദേശതിരഞ്ഞെടുപ്പ് നീട്ടി ബദല്‍ മാര്‍ഗം ആലോചിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. എല്‍ഡിഎഫും യുഡിഎഫും എടുത്ത നിലപാടിനോട് ബിജെപി വിയോജിച്ചു. തദ്ദേശതിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടരുതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാടെടുത്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണ്. ഉപതിരഞ്ഞെടുപ്പ് മാറ്റാന്‍ ഏകകണ്ഠമായാണ് ധാരണയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടരുതെന്ന് ആവശ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമാകുകയും മഴ കനക്കുന്നതും തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ചവറയില്‍ ഒരുലക്ഷത്തി എഴുപത്തിരണ്ടായിരം വോട്ടര്‍മാരും കുട്ടനാട്ടില്‍ ഒരുലക്ഷത്തി അറുപത്തി ഒന്നായിരം വോട്ടര്‍മാരുമുണ്ട്. ഇത്രയും പേര് ഉള്‍പ്പെടുന്ന പോളിംങ് പ്രക്രിയയില്‍ സാമൂഹിക അകലം പാലിക്കുക എളുപ്പമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.