പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പോസിറ്റിവ് സമീപനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ തിരച്ചിൽ ഫലപ്രദമായി എന്ന് മന്ത്രി പറഞ്ഞു.ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. 2000 പേർ തിരച്ചിലിൽ പങ്കെടുത്തു. മലപ്പുറം ചാലിയറിൽ വിശദമായ തിരച്ചിൽ നാളെയും മറ്റന്നാളും നടക്കുമെന്ന് മന്ത്രി അറിയിച്ചു. നാളെ അഞ്ച് സെക്ടറുകൾ തിരിച്ചാമ് തിരച്ചിൽ നടക്കുക.
രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്. മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്. ഇതിനിടെ കാന്തന്‍പാറയിൽ നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തി. എയര്‍ ലിഫ്റ്റ് ചെയ്യാനാവാത്തതിനാൽ ശരീരഭാഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ചുമന്നാണ് പുറത്തെത്തിച്ചത്. മലപ്പുറം ജില്ലയുടെ ഭാഗങ്ങക്കിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. താത്കാലിക പുനരാധിവാസത്തിനായി 250 വാടക വീടുകൾ കണ്ടെത്തിയെന്ന് മന്ത്രി അറിയിച്ചു. താത്കാലിക പുനരാധിവാസം ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം അറിഞ്ഞു. ക്യാമ്പിൽ കഴിയുന്ന ചിലർക്ക് ആരും ഇല്ല. അവർക്കു പുനരധിവാസം നൽകും. അവരെ ഒറ്റയ്ക്ക് ഒരു വീട്ടിൽ നിർത്തില്ല. ബേസിക്ക് കിറ്റ് എന്ന നിലയിൽ വീട്ടിൽ വേണ്ട ഫർണിച്ചർ ഉൾപ്പടെ നൽകുമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പിൽ കഴിയുന്നവർക്ക് സൗജന്യമായി മുടി വെട്ടി കൊടുക്കാൻ കോഴിക്കോട് നിന്നും സലൂൺ ജീവനക്കാർ എത്തി.
നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുണ്ടേരി ഫാം-പരപ്പൻ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തെരച്ചിൽ 50 അംഗ സംഘവും പരിശോധന നടത്തും. പൂക്കോട്ട്മല മേഖലയിലും തെരച്ചിൽ തുടരുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതെ ആയവരുടെ കരട് പട്ടികയിൽ ഇപ്പോൾ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡിഎന്‍എ ക്യാമ്പിൽ നിന്ന് എടുത്തിട്ടുണ്ട്. ലഭിച്ച ഡിഎന്‍എ ഫലങ്ങള്‍ നാളെ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു.