‘ന്നാ താന്‍ കേസ് കോട്’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുത്താല്‍ മതി. ഗൗരവമായി കാണേണ്ട ആവശ്യമില്ല. ക്രിയാത്മകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നതെന്നും റിയാസ് പറഞ്ഞു. ’80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ വന്നിരുന്നു. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി.
ജനങ്ങളെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാലമായുള്ള ഈ പ്രശ്നം പരിഹരിക്കപ്പെടണം. അതുതന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റെയും അഭിപ്രായം. ഇതിന് വേണ്ടി പലനിലയിലുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്ത് മര്യാദക്കുള്ള ഡ്രെയിനേജ് സംവിധാനം വേണം, എന്നാലെ റോഡുകള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. രണ്ടാമത് കാലാവസ്ഥയുടെ പ്രശ്നമുണ്ട്. മൂന്നാമത് തെറ്റായ പ്രവണതകളുണ്ട്. എന്നുപറഞ്ഞാല്‍ റോഡില്‍ ചെലവഴിക്കേണ്ട തുക മുഴുവന്‍ റോഡില്‍ ചെലവഴിക്കാതെ പോകുക. അത് വെച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്ത നിലപാടാണ്. അത്തരം പ്രവണതകളോട് ഒരിക്കലും സന്ധി ചെയ്യാതെ പോയിക്കൊണ്ടിരിക്കുന്ന സര്‍ക്കാരാണ് ഇത്. ആ നിലപാട് ശക്തമായി തുടരും.
ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ വിമര്‍ശനങ്ങള്‍ ഇതൊക്കെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നത്. വിമര്‍ശനം ഏത് നിലയില്‍ വന്നാലും സ്വീകരിക്കും. അത് വ്യക്തിക്കോ, സംഘടനകള്‍ക്കോ, ജനങ്ങള്‍ക്കോ ആര്‍ക്ക് വേണമെങ്കിലും ഉന്നയിക്കാം. അതെല്ലാം നാടിന്റെ നല്ലതിന് വേണ്ടിയാണെങ്കില്‍ പോസിറ്റീവായെടുക്കും’, മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നല്കിയ പരസ്യമായിരുന്നു വിവാദമായത്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നായിരുന്നു പരസ്യത്തിലെ വാചകം. ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും, ബഹിഷ്കരണാഹ്വാനവും സിനിമയ്ക്കെതിരെ നടന്നിരുന്നു. കേരളത്തിലെ റോഡുകളിലെല്ലാം കുഴിയുണ്ടെന്ന് ആരോപിക്കുകയാണ് പരസ്യമെന്നായിരുന്നു വിമര്‍ശനം.