അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ചതില്‍ വീണ്ടുവിചാരമില്ലെന്നും സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന് നേതാക്കള്‍ ഒന്നിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്. അഫ്ഗാനിസ്ഥാനുള്ള മറ്റു സഹായങ്ങള്‍ തുടരുമെന്നും ബൈഡന് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ 65 ശതമാനവും കീഴടക്കിയ താലിബാന് 11 പ്രവിശ്യാതല സ്ഥാനങ്ങളും നിയന്ത്രണത്തിലാക്കി മൂന്നേറ്റം തുടരുന്നതിനിടെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി വടക്കന്‍ കുണ്ടൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുണ്ടൂസ് നഗരം പിടിച്ചെടുക്കാനായി താലിബാന് ശ്രമിക്കുകയാണ്. എന്നാല്‍ അഫ്ഗാന് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ ചേര്‍ത്ത് നില്‍പ്പാണ് ഈ മേഖലയില്‍ ഉണ്ടായത്.
സേനയെ പിന്‍വലിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തുള്ള അമേരിക്കന്‍ പൗരന്മാരോട് എത്രയും പെട്ടെന്ന് മടങ്ങാന്‍ യു.എസ്. എംബസി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ദോഹയിലെ ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടില്ലെന്നും മധ്യസ്ഥനെ നിയോഗിക്കണമെന്നും താലിബാന് വക്താവ് പറഞ്ഞു. അക്രമം നിര്‍ത്താന്‍ രാജ്യാന്തരസമൂഹം താലിബാനെ പ്രേരിപ്പിക്കണമെന്നാണ് അഫ്ഗാന് നിലപാട്.