സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം.
കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 1000 കോടി രൂപ അനുവദിച്ചു. നവീകരണത്തിന് 30 കോടി രൂപയാണ് അനുവദിച്ചത്. 50 പുതിയ യാത്രാ ഫ്യുവല്‍സ് പമ്പുകള്‍ തുടങ്ങും. സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് സമീപാണ് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങുക. പിപിപി മാതൃകയിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും.
കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് പുതിയ ഐടി സൗകര്യ മേഖല കൊണ്ടു വരും. പതിനൊന്നിടത്ത് സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. നിലവിലുള്ള ഐടി പാര്‍ക്കുകള്‍ വിപുലീകരിക്കും. ഇതിനായി 100 കോടി രൂപ അനുവദിക്കും. ഐടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് പദ്ധതി ആരംഭിക്കും. ഒരാള്‍ക്ക് പ്രതിമാസം 5000 രൂപ വീതം സംസ്ഥാനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം നേരിടല്‍ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി അനുവദിച്ചു. യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാന്‍ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
നെല്‍കൃഷി വികസനത്തിന് ബജറ്റില്‍ 76 കോടി അനുവദിച്ചു. കാര്‍ഷിക മേഖലയില്‍ കൃഷിശ്രീ എന്ന പുതിയ പദ്ധതി ആരംഭിക്കും. കാര്‍ഷിക മേഖലയിലെ സ്വയംസഹായ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുകയാണ് ലക്ഷ്യം. റബര്‍ സബ്സിഡിക്ക് 500 കോടി അനുവദിച്ചു.