സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ രണ്ടാം പ്രതി. മാനേജര്‍ സണ്ണി രജനിയെ മൂന്നാം പ്രതിയാക്കി. വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ വകുപ്പുകള്‍ ചുമത്തി സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തത്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് കേസെടുത്തത്.
കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 2016 മുതലാണ് കൊച്ചിയിലെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി ഇത്രയും പണം സണ്ണി ലിയോണ്‍ തട്ടിയെടുത്തതെന്നും പരാതിയിലുണ്ടാ. പണം വാങ്ങിയെന്ന കാര്യം നടിയും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും നടി പറഞ്ഞിരുന്നു.
വഞ്ചനാകേസില്‍ സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സണ്ണി ലിയോണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി. ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യാമെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.
ഇതേ കേസില്‍ സണ്ണി ലിയോണിനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം പൂവാറില്‍ എത്തിയാണ് അന്ന് ചോദ്യം ചെയ്തത്. ഷൂട്ടിംഗ് ആവശ്യത്തിനാണ് നടി പൂവാറില്‍ എത്തിയത്.