കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് തുടരും. നിലവില്‍ നേതൃമാറ്റമില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ആര്‍ക്കും എന്ത് പദവിയും ആഗ്രഹിക്കാമെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ നടപടി ക്രമം ഉണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. തരൂര്‍ അഭിപ്രായം പറയേണ്ടത് ഹൈ കമാന്റിനോടാണ്. ആര്‍ക്കും പദവികള്‍ ആഗ്രഹിക്കാം. പക്ഷെ പാര്‍ട്ടി നടപടി പാലിക്കണം. മുഖ്യമന്ത്രി ആകാന്‍ തയ്യാര്‍ എന്ന പ്രതികരണത്തെയും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേ രണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുകയും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. രാജ്മോഹന്‍ ഉണ്ണിത്താന്, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന് തുടങ്ങിയവര്‍ക്ക് നിയമസഭയിലാണ് കണ്ണ്. മറയില്ലാതെ തന്നെ അത് എല്ലാവരും പറയുന്നുമുണ്ട്.
കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനാണ് പരിശ്രമമെന്നും എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്കുന്നു. മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെന്ന ശശി തരൂരിന്റെ പ്രഖ്യാപനവും മതസാമുദായിക നേതൃത്വങ്ങളില്‍ നിന്ന് തരൂരിന് ലഭിക്കുന്ന സ്വീകാര്യതയും തന്നെയാണ് കൂടുതല്‍ എംപിമാരെ സ്വാധീനിക്കുന്നത്. എം കെ രാഘവന് എംപി ഉള്‍പ്പെടെ പാര്‍ലമെന്റില്‍ മത്സരിക്കാതെ നിയമസഭയിലേക്ക് ഇറങ്ങുമെന്നും സൂചനയുണ്ട്.
അതേസമയം മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറെന്ന ശശി തരൂരിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഹൈബി ഈഡന് എം പി രംഗത്തെത്തി. ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാമെന്നും, തനിക്കും ആഗ്രഹിച്ചു കൂടെ എന്നുമായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ അതില്‍ അഭിപ്രായം പറയാന്‍ സമയമായില്ലെന്നും ഹൈബി ഈഡന് കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലേക്ക് മത്സരിക്കാനുള്ള സന്നദ്ധതയും മുഖ്യമന്ത്രി പദവും ലക്ഷ്യമിട്ടുള്ള ശശി തരൂരിന്റെ നിരന്തര നീക്കങ്ങള്‍. ഒപ്പം ലോക്സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന മറ്റു ചില നേതാക്കളുടെ തുറന്നു പറച്ചില്. സംഘടനാ ചട്ടക്കൂട് മറികടന്നുള്ള നേതാക്കളുടെ ഇത്തരം പരസ്യ പ്രതികരണങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെന്ന പോലെ ഹൈക്കമാന്റിനും കടുത്ത നീരസമുണ്ട്.
അതേസമയം, നിയമസഭാ സ്ഥാനാര്‍ഥിത്വത്തിലേക്ക് യു ഡി എഫിലെ ഘടക കക്ഷികളുടെ പിന്തുണ കൂടി ഉറപ്പാക്കാന്‍ ശശി തരൂര്‍ നീക്കങ്ങള്‍ ആരംഭിച്ചു. സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെയാണ് തരൂരിന്റെ അടുത്ത നീക്കം. നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും സന്നദ്ധനാണന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചു.