കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വദേശി സി എല്‍ ഔസേപ്പിനെയാണ് പുറത്താക്കിയത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔസേപ്പ് ജോലിയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യ ജീവന് നഷ്ടമാകുമെന്ന നിരീക്ഷണത്തോടെയാണ് നടപടി. ഡ്രൈവര്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നുവെങ്കില്‍ രണ്ട് യുവാക്കളുടെ ജീവന് നഷ്ടമാകില്ലായിരുന്നു എന്നാണ് കെഎസ്ആര്‍ടിസി അന്വേഷണത്തില്‍ കണ്ടെത്തിയത്.
2022 ഫെബ്രുവരി ഏഴിനായിരുന്നു കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ചത്. പാലക്കാട് നിന്ന് വടക്കഞ്ചേരിയിലേക്ക് വരികയായിരുന്നു ബസ്. റോഡിന്റെ ഇടതു വശത്ത് ബസിന് പോകാന്‍ ഇടം ഉണ്ടായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവര്‍ ബസ് വലത്തോട്ട് വെട്ടിച്ചു. ഇതാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് ഔസേപ്പ് സസ്പെന്‍ഷനിലായിരുന്നു.
ഡ്രൈവര്‍ ഔസേപ്പ് മനപൂര്‍വം അപകടമുണ്ടാക്കിയെന്ന ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിന്റെ അടിസ്ഥാന്നത്തില്‍ കെഎസ്ആര്‍ടിസി വിശദമായ അന്വേഷണം നടത്തി. അപകടത്തിന്റെ ദൃശ്യങ്ങളില്‍ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച വ്യക്തമായിരുന്നു.
ഡ്രൈവര്‍ കുറച്ചു കൂടി ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ രണ്ടു യുവാക്കളുടെ ജീവന് നഷ്ടമാകില്ലായിരുന്നുവെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. കൃത്യവിലോപം കെഎസ്ആര്‍ടിസിയ്ക്ക് അവമതിപ്പുണ്ടാക്കി. ഔസേപ്പ് ഇതിനു മുമ്പും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതായി രേഖയിലുണ്ട്. പൊതു നന്മയും കെഎസ്ആര്‍ടിസിയുടെ താത്പര്യവും മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നു.
കാവശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോഡ് സ്വദേശി സബിത് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. നടപടിയില്‍ ഏറെ സന്തോഷമെന്ന് യുവാക്കളുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. തുടക്കത്തില്‍ കുഴല്‍മന്ദം പോലിസ് ഔസേപ്പിനെതിര മനപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് മാത്രം ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ വിടുകയായിരുന്നു. പിന്നീട് യുവാക്കളുടെ വീട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതും നരഹത്യക്ക് കേസെടുത്തതും.