അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഹിമാചല്‍ പ്രദേശില്‍ സുഖ്വീന്ദര് സിങ് മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക. വൈകീട്ട് നാല് മണിക്ക് ഷിംലയിലാണ് യോഗം.
ഭൂരിഭാഗം എം.എല്‍.എമാരുടെയും പിന്തുണ സുഖ്വീന്ദറിനുണ്ടെന്ന് ഇന്നലെ വ്യക്തമായിരുന്നു. ഇതുകൂടാതെ വിജയിച്ച ബി.ജെ.പി വിമതരുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്. ഇതോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 40ല്‍ നിന്നും 43 ആയി ഉയര്‍ന്നു.
ഹിമാചല്‍ പ്രദേശിലൂടെ പാര്‍ട്ടി പുനരുജ്ജീവനം ആരംഭിച്ചുവെന്നും ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയാകുമെന്നും സുഖ്വീന്ദര് സിങ് സുഖു പറഞ്ഞു. ഹൈക്കമാന്‍ഡ് നിരീക്ഷകരായ ഭൂപേഷ് ബാഗേല്‍, രാജീവ് ശുക്ല, ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവര്‍ ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂവരും ഡല്‍ഹിയിലേക്ക് മടങ്ങാതെ ഹിമാചലില്‍ തന്നെ തുടര്‍ന്നേക്കുമെന്നാണ് വിവരം.