നിയമസഭാഹാള്‍ നവീകരണത്തില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വളരെ നിര്‍ഭാഗ്യകരവും ഖേദകരവുമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്റേത്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങളെ വിമര്‍ശിക്കാം, എന്നാല്‍ ഊഹാപോഹങ്ങള്‍ വച്ചുള്ള പരാമര്‍ശം ആക്രമണം പാടില്ല. ഏകപക്ഷീയമായി ഒരു തീരുമാനമെടുത്തിട്ടില്ല. ഊരാളുങ്കലിനോട് ബഹുമാനമാണ്. പ്രതിപക്ഷനേതാവിന്റെ വിമര്‍ശനം ഊരാളുങ്കലിന്റെ ചരിത്രം മനസിലാക്കാതെയാണ്. 16.65 കോടിക്ക് ഭരണാനുമതി നല്കിയ പദ്ധതി പൂര്‍ത്തിയാക്കിയത് 9.17 കോടിക്കാണ്. ഊരാളുങ്കലിന്റെ സത്യസന്ധതയും സൂക്ഷ്മതയും ലോകം അംഗീകരിച്ചതാണ്. ഊരാളുങ്കലിന് കരാര്‍ നല്‍കിയത് ഇവിധാന്‍ സഭ ഒരുക്കുന്നതിനാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇവിധാന്‍ സഭ നടപ്പാകുമ്പോള്‍ 40 കോടി രൂപ പ്രതിവര്‍ഷം ലാഭമുണ്ടാകും.
നിയമസഭയിലെ എല്ലാ പ്രവൃത്തികളും നിയമസഭാസമിതിയുടെ നേതൃത്വത്തിലാണ്. സമിതിയിലെ പ്രതിപക്ഷ അംഗങ്ങളോട് ചോദിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. എന്തടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണമെന്ന് മനസിലാകുന്നില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
സമൂഹത്തിന്റേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും മറ്റ് സംഘഘടനകളുടേയും വിമര്‍ശനത്തിന് വിധേയനമാകുന്നതില് തനിക്ക് യാതൊരു അസഹിഷ്ണുതയുമില്ല. എന്നാല്‍ വസ്തുതയ്ക്ക് നിരക്കാത്ത ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍വച്ച് ഭരണഘടനാ സ്ഥാപനങ്ങളെ വിമര്‍ശിക്കുന്ന രീതി ശരിയല്ല. കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി നടന്നത്. ദേശീയ അംഗീകാരം വരെ ലഭിച്ചു. കേരള നിയമസഭ എടുക്കുന്ന തീരുമാനങ്ങളെ മതിപ്പോടെയാണ് മറ്റുള്ളവര്‍ നോക്കിക്കാണുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ദൗര്‍ഭാഗ്യകരമെന്നും ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ല. എന്നാല്‍ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. ചെലവ് ചുരുക്കാനാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടുവന്നത്. ഇ വിധാന്‍ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷിയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്. ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.