കെ.എം.മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നു കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. മധ്യകേരളത്തില്‍ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം തന്നെയാണ് ജോസ് കെ മാണി മുന്നോട്ടുവെക്കുന്നത്. കെഎം മാണിയെ ചതിച്ചവര്‍ക്ക് മധ്യകേരളം തിരിച്ചടി നല്‍കുമെന്ന് ജോസ് കെ മാണി പറയുന്നു. ഇതിനൊപ്പം ഇടതുസര്‍ക്കാറിന്റെ നാലുവര്‍ഷത്തെ വികസന നേട്ടങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഇതുമൂലം വലിയ നേട്ടം ആകും എല്‍ഡിഎഫിന് ഉണ്ടാകുക എന്ന് ജോസ് കെ മാണി പറയുന്നു. വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.
രണ്ടില വാടിക്കരിയുമെന്നാണു പി.ജെ. ജോസഫ് പറഞ്ഞത്. എന്നിട്ടു രണ്ടില ചിഹ്നം ലഭിക്കാന്‍ കോടതി കയറി നടക്കുകയാണെന്നും ജോസ് വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം കൊണ്ട് കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് നേട്ടം ഉണ്ടാകും എന്നാണ് ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് ഇടതുമുന്നണി പിടിച്ചെടുക്കും. പാലാ നഗരസഭാ ഭരണവും പിടിച്ചെടുക്കും. പാലായ്ക്ക് സമീപമുള്ള കേരള കോണ്‍ഗ്രസ് സ്വാധീന മേഖലകളിലും വന്‍ വിജയം നേടുമെന്നാണ് ജോസ് കെ മാണി അവകാശപ്പെടുന്നത്.
അമ്മ കുട്ടിയമ്മയ്ക്കൊപ്പമാണ് ജോസ് കെ. മാണി വോട്ടു ചെയ്തത്. കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്.
നിലവില്‍ ഭരണങ്ങാനം കുറവിലങ്ങാട് അടക്കമുള്ള അഞ്ച് സീറ്റുകളില്‍ ആണ് ജോസ് കെ മാണിയും പിജെ ജോസഫും നേരിട്ട് ഏറ്റുമുട്ടുന്നത്. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ എന്നീ നഗരസഭകളിലും ജോസ് കെ മാണി വിഭാഗം അധികാരം പ്രതീക്ഷിക്കുന്നുണ്ട്. ജില്ലയില്‍ സമഗ്രാധിപത്യം പുലര്‍ത്തുക വഴി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ഉണ്ടാകും എന്നാണ് ജോസ് കെ മാണി ക്യാമ്പിന്റെ ആത്മവിശ്വാസം. കൂടുതല്‍ സീറ്റുകള്‍ ജില്ലയില്‍ നേടിയെടുക്കാന്‍ ഇത് ഗുണമാകും. സിപിഐ ഉയര്‍ത്താന്‍ പോകുന്ന സമ്മര്‍ദ്ദതന്ത്രങ്ങള്‍ മറികടക്കാനും ഇത് ആവശ്യമാണെന്ന് ജോസ് ക്യാമ്പ് കണക്കുകൂട്ടുന്നു.