മോദി 3.0 മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി, സുരേഷ് ഗോപിക്ക് ടൂറിസം പെട്രോളിയം വകുപ്പുകളുടെയും ജോർജ് കുര്യന് ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം ചുമതലകൾ, മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. രാജ്നാഥ് സിങ് പ്രതിരോധ വകുപ്പും അമിത് ഷാ ആഭ്യന്തര വകുപ്പും നിതിൻ ഗഡ്കരിയും റോഡ് ഗതാഗതവും ഹൈവേ വികസന വകുപ്പുകളും നിലനിർത്തി. എസ് ജയശങ്കർ വിദേശകാര്യവും നിർമല സീതാറാം ധനമന്ത്രാലയവും അശ്വിനി വൈഷ്ണവ് റെയിൽവേയും ഭരിക്കും.കേ രളത്തിൽ നിന്നുള്ള സുരേഷ് ഗോപി ടൂറിസം പെട്രോളിയം വകുപ്പുകളുടെയും ജോർജ് കുര്യൻ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം എന്നീ വകുപ്പുകളുടെയും സഹമന്ത്രിമാരാകും.
ആരോഗ്യ വകുപ്പ് ബിജെപിയുടെ ദേശീയ അധ്യക്ഷനായ ജെപി നദ്ദയ്ക്കാണ് നൽകിയിട്ടുള്ളത്. മധ്യപ്രദേശിൽ നിന്ന് ഏഴ് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ശിവരാജ് ചൗഹാനാണ് കൃഷി വകുപ്പ്. കൃഷി വകുപ്പിന് പുറമെ ഗ്രാമ വികസനവും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. മനോഹർ ലാൽ ഖട്ടർ നഗരാസൂത്രണവും ധർമേന്ദ്ര പ്രസാദ് വിദ്യഭ്യാസവും എൽജെപിയുടെ മൻസൂഖ് മാണ്ഡവ്യ കായികവും പിയൂഷ് ഗോയൽ വ്യവസായവും കൈകാര്യം ചെയ്യും. ജിതൻ റാം മാഞ്ചി എംഎസ്എംഇ വകുപ്പും രാം മോഹൻ നായ്ഡു വ്യോമയാനവും ഷിപ്പിങ് തുറമുഖ മന്ത്രിയായി സർബാനന്ദ സോനോവാളും അധികാരമേറ്റു.
എച്ച് ഡി കുമാരസ്വാമി സ്റ്റീൽ വകുപ്പും ഹർദീപ് സിംഗ് പുരി പെട്രോളിയം വകുപ്പും കൈകാര്യം ചെയ്യും. പീയൂഷ് ഗോയൽ വാണിജ്യവും വ്യവസായവും കൈകാര്യം ചെയ്യും. അശ്വിനി വൈഷ്ണവവിനെ കൂടാതെ അജയ് തംതയും ഹർഷ് മൽഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു.
ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 30 ക്യാബിനറ്റ് അംഗങ്ങൾ, സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാർ, 36 കേന്ദ്ര സഹമന്ത്രിമാർ എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജവഹർലാൽ നെഹ്റുവിന് ശേഷം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി. ഇത് മൂന്നാം തവണയാണ് മോദി സർക്കാർ അധികാരത്തിലെത്തുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു എല്ലാവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.