ലക്ഷദ്വീപ്: വിവാദ നടപടികള്‍ തുടര്‍ന്ന് ലക്ഷദ്വീപ് ഭരണകൂടം. ബംഗാരം ദ്വീപിലെ ടൂറിസം നടത്തിപ്പവകാശം പൂര്‍ണ്ണമായി കോര്‍പ്പറേറ്റുകള്‍ക്ക് നൽകാനാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം നടന്ന ടെണ്ടറില്‍ കൂടുതല്‍ കമ്പനികള്‍ പങ്കെടുക്കാത്തതിനാല്‍ നടപടികള്‍ മാറ്റിവച്ചു.
സ്പോര്‍ട്ട്സ് സൊസൈറ്റിയുടെ കീഴിലുണ്ടായിരുന്ന ടൂറിസം നടത്തിപ്പ് ആണ് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേറ്റര്‍ നടത്തുന്നതെന്നാണ് ആരോപണം. നേരത്തെ ബംഗാരം ദ്വീപില്‍ ഭരണകൂടം നേരിട്ട് നടത്തിയിരുന്ന ടൂറിസം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള ടെണ്ടര്‍ നടപടികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ടെണ്ടറില്‍ മൂന്ന് കമ്പനികൾ പങ്കെടുത്തു.
ഗുജറാത്ത് ബന്ധമുള്ള കോര്‍പ്പറേറ് കമ്പനിക്ക് ബംഗാരം ദ്വീപിൻ്റെ നിയന്ത്രണ അധികാരം നല്‍കാനാണ് നീക്കമെന്ന് ആക്ഷേപമുയര്‍ന്നതോടെ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. കൂടുതല്‍ കമ്പനികളെ പ്രതീക്ഷിച്ച് വീണ്ടും ടെണ്ടര്‍ ക്ഷണിക്കാനാണ് അഡ്മിനിസ്ട്രേഷൻ്റെ തീരുമാനം. ദ്വീപിൻ്റെ നിയന്ത്രണം പൂര്‍ണ്ണമായി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നതിലൂടെ ലക്ഷദ്വീപില്‍ കോര്‍പ്പറേറ്റ് വത്ക്കരണത്തിൻ്റെ ആദ്യപടിയാണ് ഭരണകൂടം തുടങ്ങിവയ്ക്കുന്നതെന്നും ആരോപണമുണ്ട്.