തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ കെട്ടിട നിര്‍മ്മാണത്തിന് ചെലവേറും. കെട്ടിട നിര്‍മ്മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് തുടങ്ങിയവയില്‍ വലിയ വര്‍ധനവാണ് ഇന്ന് മുതല്‍ നിലവില്‍ വരുന്നത്.
വര്‍ദ്ധനവിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.
അതേസമയം വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണിത്. ഫീസുകള്‍ പുതുക്കുന്നത് സംബന്ധിച്ച് ദുഷ്പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വര്ദ്ധനവിങ്ങനെ
ഫീസുകള്‍ പത്തിരട്ടിയോളം വര്‍ധിക്കും. കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്ന് മിനിമം 300 രൂപയാക്കി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1,000-5,000 രൂപ വരെയാകും. പഞ്ചായത്തില്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്കുള്ള പെര്‍മിറ്റ് ഫീസ് 525 രൂപയില്‍ നിന്ന് 7,500 രൂപയാകും. 250 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വീടുകള്‍ക്ക് 1,750 രൂപയില്‍ നിന്ന് 25,000 രൂപയാകും. നഗര മേഖലയില്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 750 രൂപയില്‍ നിന്ന് 15,000 രൂപയാകും. നഗരമേഖലയില്‍ 250 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 2,500 രൂപയില്‍ നിന്ന് 37,500 രൂപയാക്കിയും കൂട്ടും.