ലോക ട്രാന്‍സ്പ്ലാന്റ് ഒളിമ്പിക്സില്‍ അഞ്ച് കിലോമീറ്റര്‍ മാരത്തണില്‍ പങ്കെടുക്കാന്‍ പോകുന്ന ഡിനോയ് തോമസിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ പി രാജീവും എം.ബി. രാജേഷും. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജേഴ്സി കൈമാറിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിനോയിക്ക് യാത്രയയപ്പ് നല്‍കിയത്. അവയവ ദാനത്തെക്കുറിച്ചുള്ള ആശങ്കയ്ക്കുള്ള ഉത്തരമാണ് ഡിനോയ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന് ഗുണകരമായ സന്ദേശം നല്കുന്ന ഒന്നാണ് ഡിനോയ് യുടെ ഒളിംപിക്സ് പങ്കാളിത്തം. ഡിനോയ്ക്ക് കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഏപ്രില്‍ 11 മുതല്‍ 21 വരെ ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് ലോക ട്രാന്‍സ്പ്ലാന്റ് ഒളിമ്പിക്സ് ന്നത്. അവയവം മാറ്റിവച്ചവര്‍ക്കും ദാതാക്കള്ക്കുമായിട്ടാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരത്തോടെ ട്രാന്‍സ് പ്ലാന്റ് ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഇതില്‍ പങ്കെടുക്കുന്നത്. ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫും മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിനൊപ്പം പെര്‍ത്തിലേക്ക് പോകുന്നുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന സ്പൈസ് കോസ്റ്റ് മാരത്തണിനോടനുബന്ധിച്ച് സംഘടിപ്പിച്ച അഞ്ച് കിലോമീറ്റര്‍ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ച ഡിനോയ് തോമസിനെ അഭിനന്ദിച്ച് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തിരുന്നു.
2011 സെപ്റ്റംബര്‍ 20 ന് ആണ് കളമശ്ശേരി കൈപ്പടമുഗള്‍ സ്വദേശി ഡിനോയ് തോമസിന് (39) എറണാകുളം ലിസി ആശുപ്രതിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഹൃദയം മാറ്റി വച്ചത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ലിബുവിന്റെ ഹൃദയമാണ് മാറ്റി വെച്ചത്. ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖം മൂലം നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്നും ഇപ്പോള്‍ സ്വന്തമായി അധ്വാനിച്ച് കുടുംബം പുലര്‍ത്തുവാന്‍ ഡിനോയിക്ക് സാധിക്കുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം 2015 സെപ്റ്റംബറില്‍ കളമശേരി ടൊയോട്ടയില്‍ ഡ്രൈവര്‍ ആയി ജോലിക്ക് കയറിയ ഡിനോയ് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഇന്നോവ, ഫോര്‍ച്യൂണര്‍ എന്നിവ അടക്കമുള്ള വലിയ വാഹനങ്ങള്‍ തനിയെ ഓടിക്കും. ജോലിക്ക് ശേഷം രാത്രിയില്‍ ഓട്ടോറിക്ഷയും ഓടിക്കുന്നുണ്ട്.
അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ചെയര്‍മാനായുള്ള ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനാണ് യാത്രയ്ക്ക് മുന്‍കൈ എടുക്കുന്നത്. ഡിനോയ് ജോലി ചെയ്യുന്ന നിപ്പോണ്‍ ടൊയോട്ടാ യാത്രാ ചെലവുകള്‍ വഹിക്കും. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മനസ് പതറിപ്പോയ ഡിനോയിക്ക് ധൈര്യം പകര്‍ന്നത് സിനിമാതാരവും എം. പി. യുമായിരുന്ന ഇന്നസന്റ് ആയിരുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു ആദ്യനാളുകളില്‍ ഓട്ടോ ഓടിക്കുവാന്‍ കഴിയാതെ വീട്ടിലിരുന്നപ്പോള്‍ ഡേറ്റ എന്‍ട്രി നടത്തി വരുമാനം ഉണ്ടാക്കുന്നതിനായി അന്ന് എം.പി യായിരുന്ന പി. രാജീവ് ഡിനോയിക്ക് ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു.
ഹൃദയം മാറ്റിവെയ്ക്കല്‍ പോലുള്ള ശസ്ത്രക്രിയകള്‍ക്ക് ശേഷം രോഗികള്‍ക്ക് സാധാരണ ജീവിതം
നയിക്കുവാന്‍ കഴിയില്ല എന്ന് ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഡിനോയ് നല്‍കുന്നതെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡിനോയിയുടെ ഭാര്യ ഷീന ഡിനോയ്, മക്കളായ അലീന ഡിനോയ്, അഡോണ്‍ ഡിനോയ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്, ഡോ. റോണി മാത്യു കടവില്‍, രാജു കണ്ണമ്പുഴ, ജോര്‍ജ് നോവല്‍റ്റി, വി.ആര്. രാജേഷ്, ജെറി ജേക്കബ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.