നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി ജെഎസ്എസ്. അരൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ആവശ്യപ്പെടാനും ജെഎസ്എസ് സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി. അവഗണന സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്നാണ് ജില്ലാ കമ്മിറ്റികളുടെ ഭൂരിപക്ഷാഭിപ്രായം.
ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയായ ജെഎസ്എസ് നിലവില്‍ രണ്ട് തട്ടിലാണ്. രാജു ബാബു നേതൃത്വം നല്കുന്ന വിഭാഗവും പിന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനായ ടി കെ സുരേഷ് ബാബു നേതൃത്വം നല്കുന്ന വിഭാഗവുമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. ഇതില്‍ ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും രാജന് ബാബുവിനൊപ്പമാണ്. ഗൗരിയമ്മയുടെ തട്ടകമായിരുന്ന അരൂര്‍ ഉള്‍പ്പെടെയുള്ള സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ രാജന് ബാബു വിഭാഗം അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യം.
സംസ്ഥാന കമ്മിറ്റി നേതാക്കളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് അടുത്തിടെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഔദ്യോഗിക പക്ഷം ആരെന്നതിനെച്ചൊല്ലി ഈ തര്‍ക്കം ജെഎസ്എസില്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ ജില്ലാ കമ്മിറ്റികളെ ഒപ്പം നിര്‍ത്തി പാര്‍ട്ടി പിടിക്കാനാണ് ഇരുപക്ഷത്തിന്റെയും നീക്കം.