മുവാറ്റുപുഴ: കൊച്ചി- മൂന്നാര്‍ (NH 85 ) ദേശീയ പാത വികസന പദ്ധതിയില്‍ നിന്നും മുവാറ്റുപുഴ ടൗണ്‍ ഒഴിവാക്കപ്പെട്ടുവെന്നത് വ്യാജ പ്രചരണമാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. കൊച്ചി മുതല്‍ മൂന്നാര്‍ വരെ നിലവിലുള്ള അലൈന്മെന്റ് , നേര്യമംഗലം പാലം ഉള്‍പ്പടെ യാണ് 1250 കോടി രൂപയുടെ വികസനപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 10 മീറ്റര്‍ വീതിയില്‍ റോഡ് വികസനവും , 2.5 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ 15 മീറ്റര്‍ വീതി വരെ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുറമ്പോക്ക് ഭൂമി അളന്ന് ആവശ്യത്തിനുള്ള വീതി അടയാളപ്പെടുത്തുന്ന രീതിയാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇതിനായി മുവാറ്റുപുഴ , കോതമംഗലം താലൂക്കുകളില്‍ ആവശ്യത്തിന് സര്‍വേയര്‍ മാരെ ലഭ്യമാക്കണമന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
സര്‍വേയര്‍മാരുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി നിര്‍മ്മാണത്തിന്റെ പ്രാധാന്യങ്ങള്‍ വിശദമാക്കി റിട്ടയര്‍ ചെയ്ത സര്‍വേയര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അതേ സമയം തന്നെ മൂവാറ്റുപുഴ കോതമംഗലം കണയന്നൂര്‍ ഐക്കരനാട് താലൂക്കുകളില്‍ കൂടുതല്‍ സര്‍വേയര്‍മാരെ ചേര്‍ത്ത് സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയുമാണ്. പൂര്‍ണമായും ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്. കടാതി- കാരക്കുന്നം ബൈപ്പാസ് , മാതിരപ്പിള്ളി – കോഴിപ്പിള്ളി ബൈപ്പാസ് റോഡ് എന്നിവ ( Standalone ) പ്രത്യേക പദ്ധതിയായി ഏറ്റെടുത്തിട്ടുള്ളതാണ്. അത് സംബന്ധിച്ച് അലൈന്മെന്റ് തീരുമാനം പൂര്‍ത്തീകരിച്ച് 3A വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. വസ്തുതയിതായിരിക്കെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ബൈപ്പാസ് വരുന്നതിനാല്‍ മുവാറ്റുപുഴ ടൗണ്‍ പ്രദേശത്തെ ഒഴിവാക്കി എന്നത് അനാവശ്യ പ്രചരണമാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. പറഞ്ഞു.