ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിന്‍ ലക്ഷ്മണ് സിംഗ് റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹം സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ചു. വെല്ലിങ്ടണിലെ സൈനിക മൈതാനിയില്‍ ഗാര്‍ഡ് ഓണര്‍ നല്കി റോഡ് മാര്‍ഗം വിലാപയാത്രയായാണ് സുലൂരിലെത്തിച്ചത്.
വൈകീട്ട് ആറു മണിയോടെ ഡല്‍ഹിയിലെത്തിക്കും. ഡല്‍ഹി പാലം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. വ്യോമസേനയുടെ രണ്ടു പ്രത്യേക വിമാനങ്ങളിലാണ് കൊണ്ടുപോകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ഇന്ന് വൈകുന്നേരം പാലം സൈനിക വിമാനത്താവളത്തില്‍ ഭൗതിക ശരീരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. അപകടത്തില്‍പ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ ശേഷം മൃതദേഹം വിട്ടുനല്‍കും. അതിന് മുമ്പ് പ്രത്യേക പരിശോധനയും നടത്തും.
സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോള്‍ നിരവധി പേര് ആദരാജ്ഞലികളര്‍പ്പിച്ചു. കോയമ്പത്തൂര്‍ സേലം ഹൈവേയില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു. അതേസമയം അപകടത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി.
ഇതിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേന അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തില്‍പ്പെട്ടുവെങ്കിലും പെട്ടെന്ന് പരിഹരിച്ച് യാത്ര തുടര്‍ന്നു. ആംബുലന്‍സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലര്‍ക്ക് സാരമായ പരിക്കുണ്ട്. വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് റാവത്തിന്റെ മൃതദേഹം കൊണ്ടുപോകവേയാണ് അപകടമുണ്ടായത്. മൃതദേഹം ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തിക്കും. റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച ഡല്‍ഹി ബ്രാര്‍ സ്ക്വയറില്‍ നടക്കും. ഔദ്യോഗിക വസതിയില്‍ വെള്ളിയാഴ്ച 11 മുതല്‍ രണ്ടു മണിവരെ പൊതുദര്‍ശനത്തിന് വെക്കും. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട 14 യാത്രികരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 13 പേരും മരിച്ചിരുന്നു. രക്ഷപ്പെട്ട ക്യാപ്റ്റന്‍ വരുണ്‍ സിങ് ചികിത്സയിലാണ്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകന് എല്‍എസ് ലിഡര്‍, ബ്രിഗേഡിയര്‍ എല്‍.എസ്.ലിദര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക് ഗുര്‍സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരടക്കമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് ഇദ്ദേഹം. വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റ്.
ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ബിപിന്‍ റാവത്ത് ചുമതലയേറ്റത് 2020 ജനുവരി ഒന്നിനാണ്. 2016- 19 കാലയളവില്‍ കരസേനാ മേധാവിയും ഇന്ത്യയുടെ 26ാമത് സൈനിക മേധാവിയുമായിരുന്നു. വിശിഷ്ടസേവാ മെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദം നിയന്ത്രിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം കോംഗോയില്‍ സംയുക്ത സമാധാന സേനയെ നയിച്ചിരുന്നു. ഐ.എ.എഫ് Mi-17V5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിയില്‍ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. ബിപിന്‍ റാവത്തും സംഘവും ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത് രാവിലെ ഒമ്പത് മണിക്കാണ്. 11.35 ന് സുലൂരിലെത്തി. 11.45 ന് വെല്ലിങ്ടണിലേക്ക് പറന്നുതുടങ്ങി. 12.20 നാണ് അപകടമുണ്ടായത്. സൈനിക ക്യാമ്പില്‍ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.