എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ ആശുപത്രിയില്‍ അഡ്മിറ്റായ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സി.എം രവീന്ദ്രന് ബോധപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കോവിഡാനന്തര പ്രശ്നങ്ങള്‍ മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, രവീന്ദ്രന് വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്, മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ് ശ്രമമെന്ന് എല്ലാവര്ക്കും മനസ്സിലാകും, മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നല്കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചല്ലേ പറ്റൂവെന്നും കടകംപള്ളി സുരേന്ദ്രന് ചോദിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡാനന്തര ചികിത്സക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം സി.എം രവീന്ദ്രന് എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ വ്യാഴാഴ്ച ഹാജരായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവി ഡാനന്തര ചികിത്സയ്ക്കാക്കായിട്ടാണ് രവിന്ദ്രനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലവേദനയും മുട്ടുവേദനയുമുണ്ടെന്നാണ് സിഎം രവീന്ദ്രന് ഡോക്ടര്‍മാരോട് പറഞ്ഞിരിക്കുന്നത്. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന് ഹാജരാകാതിരിക്കുന്നത് പലതും ഭയന്നിട്ടാണെന്ന ആരോപണം പ്രതിപക്ഷം ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്.