കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഔദ്യോഗിക വാഹനത്തിലാണ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. ഈന്തപ്പഴം, മതഗ്രന്ഥങ്ങള്‍ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്തതില്‍ നിയമലംഘനമുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്മെന്റ് ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ എന്‍ഐഎയും ആറു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
മതഗ്രന്ഥങ്ങളും ഈന്തപ്പഴവും വിതരണം ചെയ്തതതിനു പുറമെ കോണ്‍സുലേറ്റ് സന്ദര്‍ശനവും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികള്‍ സംബന്ധിച്ചും മന്ത്രിയില്‍ നിന്നും വിശദീകരണം തേടും. കോണ്‍സല്‍ ജനറലുമായി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ചോദ്യങ്ങളുണ്ടാകും. പ്രോട്ടോക്കോള്‍ ലംഘനത്തിനുപുറമേ വിദേശസഹായനിയന്ത്രണച്ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.