മദ്യനയ അഴിമതികേസില്‍ ഡൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. 16 മാസത്തെ ജയിൽവാസത്തിന് ഒടുവിലാണ് സിസോദിയ പുറത്തേക്ക് ഇറങ്ങുന്നത്.ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ തുടങ്ങാത്തത്തിൻ്റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
അഡീഷണല്‍ സോളിസിറ്ററിന്റെ വാദങ്ങളില്‍ പരസ്പര വൈരുദ്ധ്യമെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. അനിശ്ചിത കാലത്തേക്ക് മനീഷ് സിസോദിയയെ ജയിലില്‍ അടയ്ക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. മനീഷ് സിസോദിയ തെളിവ് നശിപ്പിക്കാന്‍ സാധ്യയുണ്ടെന്ന വാദം സുപ്രിംകോടതി തള്ളി.
കെജ്രിവാളിനെയും മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത സിബിഐയും ഇഡിയും സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് കോടതിയിൽ വാദിച്ചിരുന്നു.