വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍. കേന്ദ്ര സര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടെയും നിര്‍ദേശമനുസരിച്ച് തീരുമാനം എടുക്കും. കേന്ദ്ര സര്‍ക്കാരിന്റേയും കോവിഡ് നിയന്ത്രണ ഏജന്‍സികളുടെയും അംഗീകാരം ലഭിക്കുന്ന ആദ്യ അവസരത്തില്‍ത്തന്നെ ഘട്ടം ഘട്ടമായി സ്കൂള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ ആലോചനയിലാണ്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എസ്സിആര്‍ടി പഠനത്തില്‍ കണ്ടെത്തി. ഓണ്‍ ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം സഭയെ അറിയിച്ചു.
കേന്ദ്ര നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് വാക്സീന് ലഭ്യമാക്കും. ഓണ്‍ ലൈന്‍ പഠത്തില്‍ ഏര്‍പ്പെട്ട 36% കുട്ടികള്‍ക്ക് തലവേദനയും കഴുത്ത് വേദനയും അനുഭപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. 28% പേര്‍ക്ക് കണ്ണിനു പ്രശ്നം വന്നു. 25 ശതമാനം കുട്ടികള്‍ മാത്രമെ അര മണിക്കൂറെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെടുന്നുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സ്കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ രണ്ട് സാധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്. ആദ്യം മുതിര്‍ന്ന ക്ലാസുകള്‍ തുറക്കാം എന്നതാണ് ആദ്യത്തേത്.
ചെറിയ ക്ലാസില്‍ ആരംഭിക്കുന്നതാണ് ഉചിതം എന്ന അഭിപ്രായവുമുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന പഠനങ്ങളും മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ സ്കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങളിലെ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ചായിരിക്കും ഇതില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.