ദില്ലി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. 51-മതായി സുരേഷ് ഗോപിയും 70- മതായി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം. സിനിമക്കായി തൽക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി. ഉറപ്പിച്ച മന്ത്രിസ്ഥാനത്തിൽ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂർ ‘എടുത്തത്’ മുതൽ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം.
നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.
ദേശീയ തലത്തിൽ തന്നെ ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോര്‍ജ് കുര്യൻ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമാകുന്നത്. ബിജെപി ഉണ്ടായകാലം മുതൽ കോട്ടയത്തുകാരൻ ജോര്‍ജ് കുര്യൻ ബിജെപിക്കാരനാണ്. പാര്‍ട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകൻ. നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാര്‍ത്ഥി ജനതാ നേതാവിൽ നിന്നാണ് തുടക്കം.