പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി. പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയെ ചുമതലകളിൽ നിന്ന് നീക്കി. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടപടിയെടുത്തത്.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ വി ഭക്തവത്സനാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്.
കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്. വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും അതിന്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തെന്നതാണ് പ്രമോദ് പെരിയക്കെതിരെ പാർട്ടി കണ്ടെത്തിയ അച്ചടക്കലംഘനം.ഇരട്ടക്കൊലക്കേസിന്റെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് മണ്ഡലം പ്രസിഡന്റ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നത്. വിവാദമായതോടെ ബാലകൃഷ്ണന്റെ ബന്ധു ക്ഷണിച്ചിട്ടാണ് പങ്കെടുത്തതെന്ന് പ്രമോദ് പെരിയ വ്യക്തമാക്കിയിരുന്നു.