യുക്രൈന് തലസ്ഥാനമായ കീവിലെ യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചതിന് ഇന്ത്യയോടും പ്രധാനമന്ത്രി മോദിയോടും നന്ദി അറിയിച്ച് പാക്കിസ്താനി പെണ്‍കുട്ടിയുടെ ട്വീറ്റ്. ‘ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനും പ്രധാനമന്ത്രിക്കും നന്ദി’, എന്നാണ് അസ്മ ഷഫീഖ ട്വീറ്റ് ചെയ്തത്. കീവില്‍ നിന്നും ഇന്ത്യന്‍ എംബസിയുടെ ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായാണ് രക്ഷപ്പെടാനായതെന്ന് പറയുന്ന അസമയുടെ വീഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് പങ്കുവെച്ചിരിക്കുന്നത്.
‘വളരെ ദുഷ്കരമായ സാഹചര്യത്തില്‍ അകപ്പെട്ട ഞങ്ങളെ രക്ഷപ്പെടുത്തിയ കീവിലെ ഇന്ത്യന്‍ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഈ ഘട്ടത്തില്‍ കടപ്പാട് അറിയിക്കുന്നു. ഇന്ത്യന്‍ എംബസി സഹകരിച്ചതിനാലാണ് ഈ ഘട്ടത്തില്‍ സുരക്ഷിതമായി വീട്ടിലെത്താന്‍ സാധിച്ചതെന്നാണ് കരുതുന്നത്.’ എന്നായിരുന്നു അസ്മയുടെ ട്വീറ്റ്.
പടിഞ്ഞാറന്‍ യുക്രെയിനിലേക്കുള്ള യാത്രാക്കിടയിലാണ് അസ്മ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. തങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നാട്ടില്‍ തിരിച്ചെത്താനാകുമെന്ന് അസ്മ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചു കൊണ്ടുവരുന്ന രക്ഷാദൗത്യം തുടരുകയാണ്. നേരത്തെ ഒരു ബംഗ്ലാദേശ് പൗരനേയും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യ സഹായിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതിന് പുറമേ ഒഓപ്പറേഷന് ഗംഗയുടെ കീഴില്‍ ഒരു നേപ്പാളി പൗരനും ഇന്ത്യയില്‍ എത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ അധികാരികള്‍ യുക്രൈനില്‍ നിന്നും ഒഴിപ്പിച്ച ആദ്യത്തെ നേപ്പാളി പൗരനായ റോഷന് ഝായും നേരത്തെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണക്ക് നന്ദി അറിയിച്ചിരുന്നു.