സംസ്ഥാനത്തെ കോവിഡ് മരണക്കണക്കില്‍ സംഭവിച്ച പിഴവില്‍ അഞ്ചു ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണക്കണക്കുകള്‍ മറച്ചു വെക്കുന്നുവെന്ന ആരോപണങ്ങളെത്തുടര്‍ന്ന് 2020 ജനുവരി 30-നും 2021 ജൂണ്‍ 18-നും ഇടയിലുള്ള കണക്കുകളില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ഉണ്ടായ പിഴവാണ് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ, സെക്രട്ടറിയും ജില്ലാമെഡിക്കല്‍ ഓഫീസര്‍മാരും തമ്മിലുള്ള തുറന്ന പോരിലേക്ക് കാര്യങ്ങളെത്തി നില്ക്കുന്നു.
സൂക്ഷ്മ പരിശോധനയ്ക്കു ശേഷം 7,023 കോവിഡ് മരണങ്ങള് പട്ടികയില്‍ ചേര്‍ക്കാനുണ്ടെന്നായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ സെക്രട്ടറിയെ അറിയിച്ചത്. എന്നാല്‍, പരിശോധനയ്ക്കു ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ അപ് ലോഡ് ചെയ്തതാകട്ടെ 8,500-ല്‍ അധികം മരണങ്ങളും. ഇതില്‍ 3779 എണ്ണത്തില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ 527 മരണങ്ങള് ഇരട്ടിപ്പാണെന്ന് കണ്ടെത്തിയെന്നാണ് ആരോഗ്യ സെക്രട്ടറി ഡയറക്ടറെ അറിയിച്ചിട്ടുള്ളത്.
എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരാണ് തെറ്റുകള്‍ കൂടുതല്‍ വരുത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കാണ് സെക്രട്ടറി നേരിട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മരണക്കണക്കില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിരീക്ഷണം വേണമെന്നും ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡേറ്റാ എന്‍ട്രിയിലുണ്ടായ പിഴവുകാരണം ആവര്‍ത്തനം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിശദീകരണം. അതിന് മുതിര്‍ന്ന ഡോക്ടര്‍മാരെ സര്‍ക്കാര്‍ ബലിയാടാക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പട്ടികയില്‍ ഇരട്ടിപ്പുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസുകളിലെ ജീവനക്കാര്‍ നല്കുന്ന വിവരം.