കൊച്ചി; വൈറ്റില മേല്‍പ്പാലവും മെട്രോയും സാങ്കേതിക മികവിന്റെ പ്രതീകമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ്. അങ്ങയറ്റം സൂക്ഷമതയോടെ, എഞ്ചിനിയറിംഗ് വൈദഗ്ദ്യ ത്തോടെ രൂപകല്‍പ്പന ചെയ്താലും അതു സംബന്ധിച്ച് അബദ്ധ ധാരണകള്‍ ആധികാരികമെന്ന മട്ടില്‍ ആശയ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വസ്തുതകളെ അടിസ്ഥാനമാക്കി വിശദീകരണം വിദഗ്ദര്‍ നല്കിയാല് അവര്‍ അതിനെ പുച്ചിച്ച് തള്ളുമെന്നും പി. രാജീവ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റുവഴിയായിരുന്നു പി രാജീവിന്റെ പരാമര്‍ശം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വൈറ്റില മേല്‍പ്പാലം പല കാരണങ്ങളാല്‍ സവിശേഷതയുള്ളതാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിലെ മേല്‍പ്പാലവും മെട്രോയും സാങ്കേതിക മികവിന്റെ പ്രതീകമാണ്. സാമുഹ്യ മാധ്യമ വ്യാപനം എല്ലാവര്ക്കും സ്വയം പ്രഖ്യാപിത വിദഗ്ദരാകാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്! അങ്ങയറ്റം സൂക്ഷമതയോടെ, എഞ്ചിനിയറിംഗ് വൈദഗ്ദ്യ ത്തോടെ രൂപകല്‍പ്പന ചെയ്താലും അതു സംബന്ധിച്ച് അബദ്ധ ധാരണകള്‍ ആധികാരികമെന്ന മട്ടില്‍ ആശയ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വസ്തുതകളെ അടിസ്ഥാനമാക്കി വിശദീകരണം വിദഗ്ദര്‍ നല്കിയാല് അവര്‍ അതിനെ പുച്ചിച്ച് തള്ളും.
നിര്‍മ്മാണം കഴിഞ്ഞുവെന്നും ഇനി വണ്ടിയോടിക്കാമെന്നും കണ്ടു നില്‍ക്കുന്നവര്‍ക്ക് തോന്നും, ഗതാഗതക്കുരുക്കില്‍ കിടക്കുമ്പോള്‍ പ്രത്യേകിച്ചും. എത്രയോ സൂക്ഷമതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞാല്‍ തങ്ങള്‍ക്കും വിവരമുണ്ടെന്ന് വാദിക്കും. ഭാരപരിശോധന ഉദ്ഘാടനത്തിന് മുമ്പ് നടത്തേണ്ടതായിരുന്നുവെന്നും പാലാരിവട്ടത്ത് ഇനി അത് വേണ്ടെന്നും പറഞ്ഞവര്‍ തന്നെ വൈറ്റിലയില്‍ ഉദ്ഘാടനത്തിന് മുമ്പ് അതൊന്നും വേണ്ടെന്ന് വാദിക്കും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നറിയേണ്ടതില്ലെന്നും ടാറിങ്ങ് കഴിഞ്ഞാല്‍ വണ്ടി ഓടിക്കാമെന്ന വിവരം തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ് പാലം തുറന്നുകൊടുക്കും.
ഇത്തരം അരാജക നിലപാടുകള്‍ തുറന്നു കാട്ടപ്പെടും. സൂര്യന് കീഴിലുള്ള എല്ലാത്തിനെ കുറിച്ചും അവസാന വാക്കെന്നു കരുതുന്ന ചാനല്‍ ചര്‍ച്ചകളിലെ നിരീക്ഷകര്‍ മുതല്‍ മൊബൈല്‍ ഫോണും ക്യാമറയും സാമൂഹ്യ മാധ്യമ അക്കൗണ്ടും ഉണ്ടെങ്കില്‍ എന്തു അസംബന്ധവും നുണയും പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെന്നു കരുതുന്നവര്‍ വരെ വൈറ്റില പാലത്തിനെ ആരോ ആനയെ കണ്ടതു പോലെ ഭീതി പരത്താന്‍ ഉപയോഗിച്ചു. യാഥാര്‍ത്ഥ്യവും പ്രതീതിയും തിരിച്ചറിയാത്ത പ്രചാരവേലയുടെ സത്യാനന്തര കാലത്തും നേര്‍ക്കാഴ്ചകള്‍ നുണകളെ പൊളിച്ചു കാണിക്കും. നിര്‍ത്തൂ നിങ്ങളുടെ ഒതളങ്ങവര്ത്തമാനം എന്ന് വിളിച്ചു പറയും..?