കൊച്ചി: സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം. 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. യുഡിഎഫ് 13 സീറ്റുകളിലും, ഒരു സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. തിരുവനന്തപുരം, പാലക്കാട്, കോട്ടയം ജില്ലകളില്‍ കോണ്‍ഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകള്‍ നഷ്ടമായി. ബിജെപിക്ക് കൊല്ലം ജില്ലയിലെ സിറ്റിംഗ് സീറ്റ് നഷ്ടമായി. ഇടുക്കിയില്‍ ഒരുവോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഒരുവാര്‍ഡ് നേടിയതാണ് ഏക ആശ്വാസം. മറ്റിടങ്ങളിലൊന്നും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും ഓരോ വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചു.
തെരഞ്ഞെടുപ്പ് നടന്ന ആലപ്പുഴ, പാലക്കാട്, കോഴിക്കോട് എന്നീ മൂന്ന് ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. മൂന്നും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സിപിഐ എമ്മിലെ അനന്തു രമേശന് 2140 വോട്ടുകള്‍ക്ക് മുന്നിലാണ്. അരൂരില്‍ വിജയിച്ച സിപിഎമ്മിലെ ദെലീമ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. പാലക്കാട് ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ശ്രീധരന് വിജയിച്ചു. 9270 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. കെ പ്രേംകുമാര്‍, എംഎല്‍എ ആയതിനെത്തുടര്ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോഴിക്കോട് ജില്ലയിലെ നന്മണ്ട ജില്ലാ ഡിവിഷന് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റസിയ തോട്ടായി 6766 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മഹിളാ അസോസിയേഷന് കക്കോടി ഏരിയാ സെക്രട്ടറിയും, സിപിഐ എം കക്കോടി ഏരിയാ കമ്മറ്റി അംഗവുമാണ് റസിയ. 2020ല്‍ വിജയിച്ച കാനത്തില്‍ ജമീല എംഎല്‍എ ആയതോടെയാണ് ഇവിടെ ഒഴിവു വന്നത്.
കോര്‍പറേഷനുകളിലും എല്‍ഡിഎഫ് ഉജ്വല വിജയം നേടി.
വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ വാര്‍ഡുകളിലും എല്‍ഡിഎഫ് ഉജ്വല വിജയം നേടി. തിരുവനന്തപുരം കോര്‍പറേഷനിലെ വെട്ടുകാട് വാര്‍ഡില്‍ നിന്ന് സിപിഎം സ്ഥാനാര്‍ഥി ക്ലൈനസ് റൊസാരിയൊ വിജയിച്ചു. ഭൂരിപക്ഷം: 1490. സിഐടിയു അഖിലേന്ത്യാ കൗണ്‍സില്‍ അംഗവും സംസ്ഥാന കമ്മിറ്റി അംഗവുവും. മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന നേതാവ് കൂടിയാണ് ക്ളൈനസ് റൊസാരിയോ. 10125 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ 998 വോട്ടായിരുന്നു എല്‍ഡിഎഫ് ഭൂരിപക്ഷം. കൊച്ചി കോര്പ്പറേഷന് 63–ാം ഡിവിഷന് ഗാന്ധിനഗറില്‍ സിപിഐ എമ്മിലെ ബിന്ദു ശിവന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പി ഡി മാര്‍ട്ടിനെ 687 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കൗണ്‍സിലറായിരുന്ന സിപിഐ എമ്മിലെ കെ കെ ശിവന് അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് ജയം.
ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്
നാല് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് സമ്പൂര്‍ണ ആധിപത്യമാണ്. തിരുവനന്തപുരം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട് ഡിവിഷനില്‍ സിപിഐ എമ്മിലെ ആര് പി നന്ദുരാജ് 463 വോട്ടുകള്‍ക്ക് ഉജ്ജ്വല വിജയം നേടി. ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന സിപിഐ എമ്മിലെ ഒ എസ് അംബിക ആറ്റിങ്ങല്‍ എംഎല്‍എയായതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1548 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്. പോത്തന്‍കോട് ഡിവിഷനില്‍ നിന്ന് സിപിഐ എമ്മിലെ മലയില്‍കോണം സുനി തെരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷം: 1630. ബ്ലോക്കിലെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായിരുന്ന സിപിഐ എമ്മിലെ എം ശ്രീകണ്ഠന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് പത്താം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നൗഷാദ് കറുകപ്പാടത്ത് വിജയിച്ചു. ഭൂരിപക്ഷം’: 1953. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ഷായി അയ്യാരില്‍ 1613 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ സോമദാസ് വിജയിച്ചു. ഭൂരിപക്ഷം: 1381. സിപിഐ എം മാത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ്. എല്‍ഡിഎഫ് അംഗം ഇ ഹരിദാസന്റെ മരണത്തെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
മുനിസിപ്പാലിറ്റി രണ്ട് സീറ്റുകളും യുഡിഎഫ് നിലനിര്‍ത്തി.
മൂന്ന് മുനിസിപ്പാലിറ്റികളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളും യുഡിഎഫ് നിലനിര്‍ത്തി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചാലാംപാട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മിനി ജോസ് വിജയിച്ചു. 71 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. യുഡിഎഫ് അംഗം ജോസ് ചാക്കോളയുടെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭ ഒഴിഞ്ഞവളപ്പ് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ ഏക സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. 116 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ബാബു വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ ബിനീഷ്രാജിന് 161 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. പിറവം നഗരസഭ 14-ാം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. അജേഷ് മനോഹര്‍ (സിപിഎം) വിജയിച്ചു. 26 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എല്‍ഡിഎഫ് അംഗം ജോര്‍ജ് നാരേക്കാടന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫ് ഭരണത്തിലുള്ള നഗരസഭയിലെ 27 ഡിവിഷനുകളില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് 13 സീറ്റുവീതമുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ്
20 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 12 വാര്‍ഡുകളില്‍ യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. നേരത്തേ 13 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്.