മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടുചെയ്യാനായില്ല. സംസ്ഥാന പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറെ അറിയിച്ചു.
പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കാറാം മീണയ്ക്ക് വോട്ട് ഉണ്ടായിരുന്നത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലായിരുന്നു. ഇത് നേരത്തെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും പുതുക്കിയ വോട്ടര്‍പട്ടികയില്‍ പേര് വന്നില്ല. അതിനാല്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തന്നെ ഇത്തവണ വോട്ട് ചെയ്യാനാവില്ല.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. പതിവ് പോലെ അധികവും ആദ്യമണിക്കൂറില്‍ സ്ത്രീവോട്ടര്‍മാരാണ് വോട്ടുചെയ്യാനെത്തിയത്. തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. ആലപ്പുഴ നഗരസഭയിലും തിരുവനന്തപുരത്തും കൊല്ലത്തും വിവിധയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനാല്‍ വോട്ടിങ് തടസപ്പെട്ടു. റാന്നി നാറാണംമൂഴിയില്‍ വോട്ടര്‍ തളര്‍ന്നുവീണു മരിച്ചു. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പതിനാറിനാണ് വോട്ടെണ്ണല്‍.