ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി. ഔദ്യോഗികവസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. പുറത്തിറങ്ങാനും അനുവാദമില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഡല്‍ഹി പൊലീസിനെതിരെയാണ് പ്രവര്‍ത്തകരുടെ ആരോപണം.
സിംഗു അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്രിവാളിനെ ഡല്‍ഹി പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എഎപി ട്വീറ്റ് ചെയ്തു. ‘സിംഗു അതിര്‍ത്തിയില്‍ കര്‍ഷകരെ സന്ദര്‍ശിച്ചത് മുതല്‍ ബിജെപിയുടെ ഡല്‍ഹി പൊലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ല.’ എന്നായിരുന്നു എഎപിയുടെ ട്വീറ്റ്,
അതേസമയം, അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പൊലീസ് രംഗത്തെത്തി. അരവിന്ദ് കെജ്രിവാള് വീട്ടുതടങ്കലിന് തുല്യമായ അവസ്ഥയിലാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിതെന്നും എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഇന്നലെ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകരെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ച് കെജ്രിവാള് തിരിച്ചെത്തിയ ശേഷം ഡല്‍ഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള പ്രവേശനം എല്ലാ ഭാഗത്തുനിന്നും ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞുവച്ചിരിക്കുകയാണെന്നും എഎപി എംഎല്‍എ ആരോപിച്ചു. കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.