അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചു പിടിക്കുമെന്ന് ജോ ബൈഡന് പറഞ്ഞു. ഭിന്നിക്കപ്പെട്ട രാജ്യത്തിന്റെ മുറിവുണക്കുകയാണ് മുഖ്യ ദൗത്യം. അമേരിക്കയുടെ നഷ്ടമായ ആത്മാവിനെ തിരികെപ്പിടിക്കും. കോവിഡിനെതിരായ പോരാട്ടം നയിക്കാന്‍ ശാസ്ത്രജ്ഞരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും തുല്യത ഉറപ്പാക്കുന്ന രാജ്യമാകും. കമല ഹാരിസ് ശക്തയായ വൈസ് പ്രസിഡന്റാകും. കുടിയേറ്റക്കാരുടെ മകള്‍ക്ക് വൈസ് പ്രസിഡന്റാകാന്‍ സാധിക്കും എന്നതാണ് അമേരിക്കയുടെ പ്രത്യേകതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യം ജനാധിപത്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് അമേരിക്കന്‍ ജനത സമ്മാനിച്ചത്. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടേയും പിന്തുണ ലഭിച്ചു. വംശീയത തുടച്ചു നീക്കി ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ആക്രോശങ്ങള്‍ മാറ്റിവച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കണം. ഡോണള്‍ഡ് ട്രംപിന് വോട്ട് ചെയ്തവരെ നിരാശരാക്കില്ലെന്നും ജോ ബൈഡന് പറഞ്ഞു.
വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യന്‍ വംശജ കമലാ ഹാരിസിനേയും ജോ ബൈഡന് അഭിനന്ദിച്ചു. കുടിയേറ്റക്കാരുടെ മകള്‍ വൈസ് പ്രസിഡന്റായി. കമലയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമെന്നും ജോ ബൈഡന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ചരിത്ര നേട്ടത്തിലേക്കെത്താന്‍ തന്നെ പരുവപ്പെടുത്തിയത് അമ്മ ശ്യാമള ഗോപാലന് ഹാരിസെന്ന് കമല ഹാരിസ് പറഞ്ഞു. തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് തന്റേതെന്ന് അവര്‍ പറഞ്ഞു. മുറിവുണക്കുന്ന, ഐക്യത്തിന്റെ വക്താവാണ് പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ അന്തസ് കാത്തു സൂക്ഷിച്ചതിന് ജനങ്ങളോട് നിയുക്ത വൈസ് പ്രസിഡന്റ് നന്ദി പറഞ്ഞു.