കെഎസ്ആര്‍ടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ടെന്ന സംസ്ഥാന ധന മന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. ഇവിടെ വരുമാനം വര്‍ദ്ധിപ്പിക്കണം ഒപ്പം ചെലവ് കുറയ്ക്കണം അതുവഴി നഷ്ടം കുറയ്ക്കണണമെന്നും ആനഷ്ടം സര്‍ക്കാരിനു താങ്ങാനാവുന്ന തോതിലെങ്കിലുമാകണമെന്നും മന്ത്രി കുറിച്ചു.
മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കെഎസ്ആര്‍ടിസിക്ക് വീണ്ടും അനക്കംവച്ചിട്ടുണ്ട്. വരുമാനം വര്‍ദ്ധിപ്പിക്കണം. ചെലവ് കുറയ്ക്കണം. അതുവഴി നഷ്ടം കുറയ്ക്കണം. നഷ്ടം സര്‍ക്കാരിനു താങ്ങാനാവുന്ന തോതിലെങ്കിലുമാകണം. ഈ കോവിഡ് കാലത്ത് കെഎസ്ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ പിന്തുണ 2000 കോടി രൂപയെങ്കിലും വരുമെന്നാണ് എന്റെ കണക്ക്. ഇതടക്കം കെഎസ്ആര്‍ടിസിക്ക് ആറായിരത്തോളം കോടി രൂപയുടെ ധനസഹായം നല്കിയ സര്‍ക്കാരിന് എതിരായിട്ടാണ് ചിലര്‍ അപവാദ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി മാത്രമല്ല, ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളും കുത്തകമുതലാളിമാര്‍ക്കു കൈമാറണമെന്നു പറയുന്ന ബിജെപിയുടെ ബിഎംഎസ് ആണ് ഈ അപവാദ പ്രചാരണങ്ങള്‍ക്കു പിന്നിലെ മുഖ്യസൂത്രധാരകര്‍.
കോവിഡുകാലത്താണ് കെഎസ്ആര്‍ടിസി എംഡിയായി ബിജു പ്രഭാകര്‍ സ്ഥാനമേറ്റെടുക്കുന്നത്. കഴിഞ്ഞ പുനരുദ്ധാരണ പാക്കേജ് നടപ്പായില്ല. സര്‍ക്കാര്‍ നല്കുന്ന സബ്ഡിസി ഓരോ വര്‍ഷവും കൂടുന്നതല്ലാതെ കുറഞ്ഞില്ല. അദ്ദേഹമൊരു പുതിയൊരു പാക്കേജിനു ശ്രമിക്കുകയാണ്. നിശ്ചയമായും അനുഭാവത്തോടെ മുന്‍കാലത്തെന്നപോലെ സര്‍ക്കാരിന്റെ പിന്തുണ ഈ പരിശ്രമങ്ങള്‍ക്ക് ഉണ്ടാവും.
ചെറുതെങ്കിലും ശ്രദ്ധേയമായ ചില നടപടികള്‍ വരുമാന വര്‍ദ്ധനയ്ക്കുവേണ്ടി കെഎസ്ആര്‍ടിസി സ്വീകരിച്ചുകഴിഞ്ഞു. രണ്ടെണ്ണം മാത്രം പറയട്ടെ.
‘KSRTC LOGISTICS’ എന്ന സംരംഭം. ഡീസല്‍, സ്പെയര്‍ പാര്‍ട്ട്സ് വില വര്‍ധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് KSRTC LOGISTICS എന്ന പേരില്‍ പാഴ്സല്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങള്‍ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചുകൊണ്ട് ആദ്യത്തെ സര്‍വീസ് ഉടനെ തുടങ്ങുകയാണ്.
കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്, വിവിധ യൂണിവേഴ്സിറ്റികള്‍, പരീക്ഷാഭവന് എന്നിവരുടെ ചോദ്യ പേപ്പര്‍, ഉത്തരക്കടലാസ് തുടങ്ങിയവയും ജിപിഎസ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് KSRTC LOGISTICS സംവിധാനം വിപുലീകരിക്കും.
ഇതുപോലെ മറ്റൊന്നാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ നശിച്ചു പോകുന്നതിനിട വരുത്താതെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന ‘ഫുഡ് ട്രക്ക്’ പദ്ധതി. അതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി ബസുകള്‍ രൂപമാറ്റം വരുത്തി വില്പന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മില്‍മയുമായി ചേര്‍ന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കും. ഈ മാതൃകയില്‍ കൂടുതല്‍ വില്പനകേന്ദ്രങ്ങള് സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതുപോലുള്ള ഒട്ടേറെ നൂതനമായ പുതുസ്കീമുകള്‍ അണിയറയില്‍ തയ്യാറാവുകയാണ്. ഓരോന്നും ഒറ്റക്കെടുത്താല്‍ അത്ര വലിയ വരുമാന വര്‍ദ്ധനവൊന്നും വരുത്തുന്നുണ്ടാവില്ല. പക്ഷെ, എല്ലാംകൂടി ചേര്‍ത്താല്‍ വരുമാന വര്‍ദ്ധനവിലേയ്ക്ക് ശ്രദ്ധേയമായ സംഭാവനയാകും എന്നാണ് ബിജു പ്രഭാകര്‍ പറയുന്നത്.
ധനമന്ത്രി
ഡോ. T M തോമസ് ഐസക്
FB പോസ്റ്റ്????️????️✒️????