എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള എറണാകുളത്തിന് ഉത്സവ സമാനമായ ദിനങ്ങളാണ് സമ്മാനിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. മേളയുടെ സമാപന – സാംസ്കാരിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിലുണ്ടായ അതേ ആവേശവും ജനപങ്കാളിത്തവും മേളയുടെ അവസാനം വരെ നീണ്ടുനിന്നു.
കേരളത്തെ വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആ ലക്ഷ്യം കൈവരിക്കുന്നതിനാണ് നവകേരള കര്‍മ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയുടെ കാര്യത്തിലും സമഗ്രവികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. കൊച്ചി ക്യാന്‍സര്‍ സെന്റര്‍ 100 കിടക്കകളുമായി ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും. എറണാകുളം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കും ഈ വര്‍ഷം തന്നെ നാടിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനകം തന്നെ 85 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇവയെല്ലാം യാഥാര്‍ഥ്യമാകുന്നതോടെ പൊതു ജനാരോഗ്യ രംഗത്ത് ജില്ല പുത്തന്‍ ചരിത്രമാണ് രചിക്കുക.
എന്റെ കേരളം പോലുള്ള പ്രദര്‍ശന വിപണന മേളകള്‍ക്ക് സ്ഥിരം വേദിയില്ലാത്തത് ഒരു പരിമിതിയാണ്. സ്ഥിരം പ്രദര്‍ശന വേദി എന്നത് ഏറെ കാലമായുള്ള കേരളത്തിന്റെ ആവശ്യമാണ്. കാക്കനാട് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ 10 ഏക്കറില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള പ്രദര്‍ശന വേദി ഒരുങ്ങുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ച് കേരളപ്പിറവി ദിനത്തില്‍ തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയുടെ എക്കാലത്തെയും വലിയ പ്രശ്നമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനായി 1528 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ ആറ് പ്രധാന തോടുകള്‍ നവീകരിക്കും. വെള്ളക്കെട്ടിന് പരിഹാരം എന്നതിന് പുറമെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയും. മാര്‍ക്കറ്റ് കനാലിന്റെ ടെന്‍ഡര്‍ ഉറപ്പിച്ചിട്ടുണ്ടെന്നും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരമായി മണ്‍സൂണ്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തും. ഓടകളും തോടുകളുമെല്ലാം പരിശോധിച്ച് ശുചീകരിക്കും. അതിനായി ചെന്നൈ മാതൃകയിലുള്ള അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഏഴര കോടി രൂപയുടെ രണ്ട് ഉപകരണങ്ങളാണ് വാങ്ങുകയെന്നും മന്ത്രി പറഞ്ഞു.